Uncategorized

‘എന്തിനാണ് റിസ്‌ക് എടുക്കുന്നത്? CPIMന്റെ കൂടെ നില്‍ക്കേണ്ട ആവശ്യം എന്താണ്?, എന്ത് മറുപടിയാണ് പറയേണ്ടത്’

കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വി ഓഫീസിലും ജീവനക്കാരുടെ വീട്ടിലുമുള്‍പ്പെടെ നടത്തിയ പൊലീസ് റെയ്ഡില്‍ മെസി വിഷയവുമായി ബന്ധപ്പെട്ട ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍. പൊലീസ് പരിശോധനയുമായി പൂര്‍ണ്ണമായും സഹകരിച്ചു. മെസി വിഷയം ആര്‍ബിസി കമ്പനിയും സര്‍ക്കാരും തമ്മിലുള്ള പ്രൊജക്ട് ആണ്. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം തന്റെ കയ്യില്‍ മറുപടിയുണ്ട്. ചോദിച്ചാലല്ലേ മറുപടി പറയാനാകുവെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

‘മെസി വിവാദവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുന്നു. എവിടെ വേണമെങ്കിലും റെയ്ഡ് നടത്താം. ആ കാര്യങ്ങളോട് സഹകരിക്കും. നിങ്ങള്‍ക്ക് ആരാണ് വാര്‍ത്ത ചോര്‍ത്തി തരുന്നത്. ആരുടെ കയ്യില്‍ നിന്നാണ് വാര്‍ത്ത കിട്ടുന്നത്. ഏത് രീതിയിലാണ് വാര്‍ത്ത കൈകാര്യം ചെയ്യാന്‍ കഴിയുന്നത്. ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് തരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആരാണ്. കോണ്‍ഗ്രസില്‍ നിന്നും ആരൊക്കെയാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. ഏതൊക്കെ സിപിഐഎം, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണ് നിങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല. സത്യസന്ധമായ അന്വേഷണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ നാടകത്തിന്റെ ആവശ്യമില്ല’, എന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

‘പൊലീസുകാര്‍ മാധ്യമസ്ഥാപനത്തിന്റെ ഡെസ്‌കില്‍ കയറി മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയാന്‍ പറഞ്ഞാല്‍ എന്താണ് പറയുക. എന്നോട് എന്തെങ്കിലും ചോദിക്കാന്‍ ഉണ്ടെങ്കില്‍ ചോദിക്കുക. രണ്ട് മാസമായി എസ്‌ഐടി അന്വേഷണം നടക്കുന്നു. ഒരു നോട്ടീസ് പോലും ഇതുവരെ ലഭിച്ചിട്ടില്ല. ജിഎസ്ടി രണ്ട് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. നോട്ടീസ് നല്‍കിയിട്ടില്ല. മെസി വിഷയം എന്നത് ആര്‍ബിസി കമ്പനിയും സര്‍ക്കാരും തമ്മിലുള്ള പ്രൊജക്ട് ആണ്. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം എന്റെ കയ്യില്‍ മറുപടിയുണ്ട്. ചോദിച്ചാലല്ലേ മറുപടി പറയാനാകൂ. ചോദിക്കാതെ എന്ത് മറുപടിയാണ് പറയുക’, ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി.

പുലര്‍ച്ചെ വീട്ടില്‍ വന്ന് രേഖകള്‍ തരൂവെന്ന് പറഞ്ഞാല്‍ എന്താണ് ചെയ്യുക. സിപിഐഎമ്മിന്റെ കൂടെ നില്‍ക്കേണ്ട എന്ത് ആവശ്യമാണ് ഉള്ളത്. സെറ്റില്‍ ചെയ്തുകൂടെയെന്നെല്ലാം ചോദിച്ചാല്‍ഇതിനൊക്കെ എന്ത് മറുപടിയാണ് പറയേണ്ടതെന്നും എംഡി ചോദിക്കുന്നു. റിസ്‌ക് എടുക്കുന്നത് എന്തിനാണ്? കേരളത്തിലെ മറ്റ് മാധ്യമങ്ങള്‍ ഈ റിസ്‌ക് ഒന്നും എടുക്കുന്നില്ലല്ലോ. കോണ്‍ഗ്രസുകാരെ ശത്രുക്കളാക്കേണ്ട ആവശ്യമുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചു. അധികാരത്തില്‍ കയറി മൂന്നാം മാസം ഒരു ചാനലിനെ ഇങ്ങനെ പേടിച്ചാല്‍ എങ്ങനെയാണെന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button