സഹകരിക്കുന്നില്ല, റിപ്പോര്‍ട്ടര്‍ ഓഫീസ് പരിശോധന നടത്താന്‍ സാധിച്ചില്ല’: തൃക്കാക്കര എസിപി

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസിലെ റെയ്ഡില്‍ ബന്ധപ്പെട്ടവര്‍ സഹകരിക്കുന്നില്ലെന്ന് പൊലിസ്. പ്രാഥമിക അന്വേഷണത്തിനു ശേഷം കളമശേരി പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റെയ്ഡിനെത്തിയതെന്ന് തൃക്കാക്കര എസിപി പറഞ്ഞു.
കോടതിയുടെ വാറണ്ടോട് കൂടിയാണ് ചാനല്‍ ഓഫീസില്‍ റെയ്ഡിന് എത്തിയത്. എന്നാല്‍ വാറണ്ട് കൈപ്പറ്റാന്‍ ഇവിടെയുള്ളവര്‍ തയാറായില്ല. ഉത്തരവാദിത്തപ്പെട്ട ഒരു സ്ത്രീ അഞ്ചു മിനിറ്റിനുള്ളില്‍ എത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ലഭിച്ചില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് തുറന്ന് തരാന്‍ പലതവണ പറഞ്ഞെങ്കിലും ചെയ്തില്ല.
ഡിജിറ്റലായി ലോക്കാണ്. നിലവില്‍ പൂട്ട് തകര്‍ത്തുള്ള പരിശോധനയിലേക്ക് കടന്നിട്ടില്ല. ന്യൂസ് ഡെസ്‌കില്‍ കയറിയത് ബില്‍ഡിംഗിന്‍റെ മറ്റു ഭാഗത്ത് ആരെയും കാണാത്തത് കൊണ്ടാണ്. പരിശോധന തുടങ്ങുന്നതിനു വേണ്ടിയാണ് വിവരങ്ങള്‍ അറിയാന്‍ ന്യൂസ് ഡെസ്‌കില്‍ എത്തിയതെന്നും എസിപി വ്യക്തമാക്കി




