Uncategorized

റിപ്പോര്‍ട്ടര്‍ ന്യൂസ് ഡെസ്‌കിലെ പൊലീസ് ഗുണ്ടായിസം; ‘ആര്‍ട്ടിക്കിള്‍ 19 മുഖ്യമന്ത്രി വായിക്കണം’; ബിനോയ് വിശ്വം

കൊച്ചി: റിപ്പോര്‍ട്ടര്‍ ന്യൂസ് ഡെസ്‌കിലെ പൊലീസ് ഗുണ്ടായിസത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വാര്‍ത്താ സ്വാതന്ത്യത്തിനും പരമപ്രധാനമായ സ്ഥാനമാണ് ഇന്ത്യയില്‍ ഉള്ളതെന്ന് അദ്ദഹം പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശന് അത് അറിയില്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 മുഖ്യമന്ത്രി വായിക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഇക്കാര്യം മനസിലാക്കണം. ഇത്തരം അവകാശങ്ങളെ ഒന്നിന്റെ പേരിലും കൂച്ചിവിലങ്ങിടാന്‍ ഒരു ഭരണകൂടം തയ്യാറാകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജനാധിപത്യപരമായി തെരഞ്ഞടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ജനാധിപത്യ മൂല്യബോധം, ഭരണഘടനാ മൂല്യം എന്നിവ സംരക്ഷിക്കേണ്ട കടമ ഉണ്ട്. വേട്ടയാടപ്പെടുന്ന മാധ്യമ പ്രവർത്തകർക്കൊപ്പമാണ് സിപിഐ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പരിശോധനയെന്ന പേരിലായിരുന്നു പൊലീസ് ഗുണ്ടായിസം. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്‌കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റമുണ്ടായത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന ഡിജിപി അറിഞ്ഞിരുന്നില്ല. പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേക്ഷണം തടയണമെന്ന ഉദ്ദേശത്തോടെയാണ് ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചു വെച്ചത്.പരിശോധനയുടെ കാരണമോ മറ്റുവിവരങ്ങളോ മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ തയ്യാറാതെ ഉദ്യോഗസ്ഥര്‍ അരമണിക്കൂറിലേറെയായി സ്ഥാപനത്തിന്റെ ആസ്ഥാനത്ത് തുടര്‍ന്നിരുന്നു. ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായി കൈകാര്യം ചെയ്യുന്ന ഫോണ്‍ ഉള്‍പ്പടെ പിടിച്ചുവെക്കുകയായിരുന്നു. പിന്നാലെ റിപ്പോര്‍ട്ടര്‍ ലൈഫില്‍ ജോലി ചെയ്തുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരെ അവിടെ നിന്ന് ഇറക്കി വിടുകയും മാധ്യമ പ്രവര്‍ത്തകരുടെ കസേരയില്‍ ഇരുന്ന് എസിപി പരിശോധന നടത്തുകയും ചെയ്തു. ലാത്തി അടക്കം കയ്യിലേന്തി നിരവധി പൊലീസുകാര്‍ ഓഫീസില്‍ ഇരച്ചു കയറുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button