ആളില്ലാത്ത വീട്ടിൽ ഒരാഴ്ചയോളം താമസിച്ച് മോഷണ ശ്രമം; പ്രതി പിടിയിൽ

തൃശൂര്‍: തൃശൂര്‍ മണത്തലയിൽ ആള് താമസമില്ലാത്ത വീട്ടില്‍ ഒരാഴ്ചയോളം താമസിച്ച് മോഷണ ശ്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം ദിബ്രുഗഡ് നഹര്‍കട്ടിയ സ്വദേശി രാധേശ്യാം ഗര്‍ഹ് ആണ് പിടിയിലായത്.
അഡ്വ. റിപ്പിള് ഹംസയുടെ വീട്ടിലായിരുന്നു പ്രതി മോഷണശ്രമം നടത്തിയത്. ഹംസയുടെ മകനും സുഹൃത്തും കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെയും പിന്‍വശത്തെയും വാതിലുകള്‍ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളിലെ ആള്പെരുമാറ്റം ശ്രദ്ധയിൽപെട്ടതോടെ വിവരം പൊലിസിനെ അറിയിച്ചു. തുടര്‍ന്ന് ചാവക്കാട് പൊലിസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. മലയാളം അറിയാത്ത പ്രതിയെ ദ്വിഭാഷിയുടെ സഹായത്തോടെയാണ് ചോദ്യം ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




