Uncategorized

കാനഡയിൽ ജോലി, നല്ല ശമ്പളം! വിശ്വസിച്ച മലയാലപ്പുഴ സ്വദേശിയിൽ നിന്ന് കൈക്കലാക്കിയത് 3,25,000 രൂപ; വൻ തട്ടിപ്പ്, യുവാവ് പിടിയിൽ

മലയാലപ്പുഴ: കാനഡ, ഓസ്ട്രേലിയ, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജോലി തരപ്പെടുത്തി കൊടുക്കാം എന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയകേസിൽ പ്രതിയെ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ലോ കോളേജിന് സമീപം മാർക്കറ്റ് റോഡിൽ ലോറൻസ് ജോസഫ് കൊറേയായുടെ മകൻ റെമോ സാവിയോ കൊറേയാ (36) ആണ് പിടിയിലായത്. എറണാകുളത്തു നിന്നുമാണ് പ്രതി പിടിയിലായത്. കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി സ്ഥലങ്ങളിൽ നിന്നായി ദശലക്ഷക്കണക്കിന് രൂപയാണ് ഇയാൾ പലരിൽ നിന്നായി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതിന് ഇയാൾക്കെതിരെ കണ്ണൂർ കേളകം, തിരുവനന്തപുരം മാള, ഹരിപ്പാട്, എറണാകുളം സൗത്ത്, പുത്തൻവേലിക്കര എറണാകുളം ടൗൺ നോർത്ത് തുടങ്ങി നിരവധി സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. മലയാലപ്പുഴ സ്വദേശിയായ യുവാവിൽ നിന്നും കാനഡയിൽ ജോലിക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 3,25,000 രൂപ വാങ്ങിയിട്ട് വിസയും ജോലിയും ശരിയാക്കി നൽകാതെ കബളിപ്പിച്ചു എന്നതാണ് കേസ്. 2022 ഡിസംബറിലാണ് ഇയാൾ വിസക്കായി പൈസ വാങ്ങിയത്. ഇതുവരെ വിസ ലഭിക്കാതെയും പണം തിരികെ ലഭിക്കാതെയും വന്നപ്പോൾ യുവാവ് മലയാലപ്പുഴ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തന്നെ അന്വേഷിക്കുന്നതറിഞ്ഞ പ്രതി പല സ്ഥലങ്ങളിലായി ഒളിച്ച് താമസിക്കുകയായിരുന്നു. വിവിധയിടങ്ങളിൽ ഇയാൾക്കായി തെരച്ചിൽ നടത്തിയ മലയാലപ്പുഴ പൊലീസ് ഒടുവിൽ എറണാകുളത്ത് നിന്നാണ് പ്രതിയെ പൊക്കിയത്. മലയാലപ്പുഴ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ (SHO) ഷാൻ എൻഎസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഡിക്രൂസ് , സിപിഒമാരായ ശ്രീജിത്ത്പ്രകാശ് , ഗോപകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button