എംഎൽഎമാർക്ക് 20 ലക്ഷം രൂപയുടെ ഇൻഷുറൻസ്; 5 വർഷത്തിനിടെ ഒരു രൂപ പോലും ക്ലെയിം ചെയ്തില്ല

തിരുവനന്തപുരം: എംഎൽഎമാർക്ക് അപകടം സംഭവിച്ചാൽ 20 ലക്ഷം രൂപ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ കഴിഞ്ഞ അഞ്ച് വർഷമായി ഒരു രൂപ പോലും ക്ലെയിം ചെയ്തിട്ടില്ല. 140 എംഎൽഎമാർക്കുമായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എട്ട് ലക്ഷത്തിലധികം രൂപയാണ് സർക്കാർ പ്രീമിയമായി അടച്ചത്. നിയമസഭാ സാമാജികർക്ക് പരിധിയില്ലാതെ മെഡിക്കൽ റീഇമ്പേഴ്സ് അനുവദിക്കുന്നതിൽ വിമർശനവും ഉയരുന്നുണ്ട്.
പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി വഴിയാണ് നിയമസഭാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കായി അപകടഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ അംഗത്തിനും ഇരുപത് ലക്ഷം രൂപ വീതമുള്ള അപകട പരിരക്ഷയാണ് പോളിസി പ്രകാരം ഉറപ്പാക്കിയിട്ടുള്ളത്.
അഞ്ച് വർഷത്തിനിടെ ആകെ 8,24,451/- രൂപ സംസ്ഥാന ഖജനാവിൽ നിന്ന് പ്രീമിയമായി ഇൻഷുറൻസ് കമ്പനിക്ക് നൽകി. 24 മണിക്കൂറും പ്രാബല്യത്തിലുള്ള ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ്റ് പോളിസി പ്രകാരം മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്, സ്പീക്കർ,മന്ത്രിമാർ ഉൾപ്പെടെ മുഴുവൻ സാമാജികരും ഈ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ ഉൾപ്പെടുന്നവരാണ്.
അതേസമയം പോളിസിയിലെ കർശന നിബന്ധനകളാണ് ക്ലെയിം ചെയ്യാത്തതിന് കാരണം. അപകട മരണം പൂർണമായോ ഭാഗികമായോ ഉള്ള അവയവനഷ്ടം അഥവാ വൈകല്യം എന്നിവയ്ക്ക് മാത്രമാണ് ഇതിൽ പരിരക്ഷയുള്ളത്. എന്നാൽ ആശുപത്രിയിലെ ചികിത്സാ ചെലവുകൾക്കോ താൽക്കാലിക വൈകല്യങ്ങൾക്കോ ഇതിൽ കവറേജില്ല. തൃക്കാക്കര എംഎഎൽഎ ഉമാ തോമസിന് അപകടം പറ്റിയപ്പോഴും തുക ക്ലെയിം ചെയ്യാൻ കഴിയാതിരുന്നത് അതുകൊണ്ടാണ്.
സാമാജികർക്ക് ഹെൽത്ത് ഇൻഷുറൻസ് ഏർപ്പെടുത്താതെ മെഡിക്കൽ റീഇംബേഴ്സ്മെൻ്റായി കഴിഞ്ഞ 5 വർഷത്തിനിടെ 38 കോടിയോളം രൂപ ചെലവഴിച്ചതിനെതിരെയും വിമർശനം ഉയരുന്നുണ്ട്. നിലവിലെ പോളിസിയിൽ മാറ്റങ്ങൾ വരുത്തി ഇൻഷുറൻസ് കമ്പനികൾ മുഖേന ചികിത്സാ ചെലവുകൾ കവർ ചെയ്യുന്ന രീതിയിലേക്ക് മാറ്റിയാൽ റീഇംബേഴ്സ്മെന്റിലൂടെ സർക്കാരിനുണ്ടാകുന്ന ഭീമമായ സാമ്പത്തിക ബാധ്യത ഒഴിവാക്കാനും വലിയൊരു തുക ലാഭിക്കാനും കഴിയും.




