തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ചു പ്രചരിപ്പിച്ചു: രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ചു പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ അൽവാർ സ്വദേശിയായ ശ്യാബു ഖാൻ ആണ് പിടിയിലായത്. തമിഴ്നാട് പൊലീസിൻ്റെ ക്രൈം ബ്രാഞ്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് (സിബി-സിഐഡി) രാജസ്ഥാനിലും മധ്യപ്രദേശിലും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, സിപിയുകൾ എന്നിവ പൊലീസ് സംഘം പിടിച്ചെടുത്തു. ചെന്നൈയിൽ എത്തിച്ച പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഇത്തരം വീഡിയോകൾ പങ്കുവെച്ചിരുന്നതെന്ന് സിബി-സിഐഡി ഉദ്യോഗസ്ഥൻ പറഞ്ഞു. സിബി-സിഐഡി നടത്തിയ സമഗ്രമായ സാങ്കേതിക വിശകലനത്തിലൂടെ ആണ് വെല്ലുവിളികൾ മറികടന്ന് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് തമിഴ്നാട് പൊലീസ് മേധാവി മഹേഷ് കുമാർ അഗർവാൾ പറഞ്ഞു. അറസ്റ്റിലായ ശ്യാബു ഖാനൊക്കൊപ്പം കൂടുതൽ ആളുകൾ ഉണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് മേധാവി അറിയിച്ചു




