മെഡികെയർ ഇൻഷുറൻസ് പദ്ധതിയിലൂടെ തട്ടിയത് 800 കോടി, ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടൺ: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്നും തട്ടിയത് 800 കോടി രൂപ. ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കയിലെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡികെയർ തട്ടിപ്പിലൂടെ 9.3 കോടി അമേരിക്കൻ ഡോളർ (ഏകദേശം 800 കോടിയിലധികം രൂപ) തട്ടിയെടുത്ത ഹൈദരബാദ് സ്വദേശിയെയാണ് പിടികിട്ടാപ്പുള്ളിയായി യു.എസ് ഫെഡറൽ കോടതി പ്രഖ്യാപിച്ചത്. ഖദീർ ഖാൻ മുഹമ്മദിനെതിരെയാണ് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ കടുത്ത നടപടി.
അമേരിക്കൻ ഫെഡറൽ അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ച് രാജ്യം വിട്ട ഇയാൾ നിലവിൽ ഇന്ത്യയിലേക്ക് കടന്നതായി സംശയിക്കുന്നതിനാൽ വിചാരണ നടപടികൾ വേഗത്തിലാക്കാൻ കോടതി ഇയാളെ ഔദ്യോഗികമായി കുറ്റവാളിയായി പ്രഖ്യാപിച്ചത്. മെഡിക്കൽ ഉപകരണങ്ങളുടെയും ലബോറട്ടറി പരിശോധനകളുടെയും വ്യാജ ബില്ലുകൾ നിർമ്മിച്ച് മെഡികെയർ പദ്ധതിയിൽ നിന്ന് കോടിക്കണക്കിന് ഡോളർ തട്ടിയെടുത്തു എന്നതാണ് പ്രധാന ആരോപണം. കുറ്റം തെളിയിക്കപ്പെട്ടാൽ പതിറ്റാണ്ടുകളോളം തടവുശിക്ഷയും വൻ തുക പിഴയും ഒപ്പം തട്ടിയെടുത്ത മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടുന്ന നടപടികളും നേരിടേണ്ടി വരും. കേസിൽ ഉൾപ്പെട്ട മറ്റു ചില കൂട്ടാളികളെക്കുറിച്ച് അമേരിക്കൻ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.




