Uncategorized

പണം ആവശ്യപ്പെട്ട് കർഷകന് കത്ത് നൽകി, കർണാടക-ആന്ധ്രാ അതിർത്തിയിലെ മലയോര മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം; അന്വേഷണം ഊർജിതമാക്കി പൊലീസ്

ബെംഗളൂരു: കർണാടക-ആന്ധ്രാപ്രദേശ് അതിർത്തിയിലെ മലയോര മേഖലയിൽ ഭീതി പടർത്തി മാവോയിസ്റ്റ് സാന്നിധ്യം. തുംകൂരു പാവഗഡയിൽ എത്തി പണം ആവശ്യപ്പെട്ട് കർഷകന് കത്ത് നൽകിയ ഉപ്പാര വെങ്കടേഷിനായി ക‍ർണാടക പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ഡ്രോണുകൾ ഉൾപ്പെടെ വിന്യസിച്ചായിരുന്നു നിരീക്ഷണം. തെരച്ചിൽ അടുത്ത ദിവസങ്ങളിലും തുടരും. പാവഗഡ താലൂക്കിലെ കനിഗലബണ്ടെ എന്നയിടത്താണ് പ്രദേശവാസിയായ കർഷകന് മാവോയിസ്റ്റ് നേതാവിൽ നിന്ന് കത്ത് ലഭിച്ചത്. ‌അഞ്ച് ലക്ഷം രൂപ നൽകണമെന്നും അല്ലാത്ത പക്ഷം ബോ‍ർവെൽ മോട്ടോറിൽ ബോംബ് വച്ച് വധിക്കുമെന്നുമായിരുന്നു ഭീഷണി. കത്തുൾപ്പെടെ കർഷകൻ പൊലീസിന് കൈമാറിയതോടെ അന്വേഷണം ആരംഭിച്ചു. ഉപ്പാര വെങ്കടേഷ് എന്ന മാവോയിസ്റ്റ് നേതാവാണ് തെലുഗു ഭാഷയിലുള്ള ഈ കത്തെഴുതിയതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് വൻ പൊലീസ് സന്നാഹം എത്തി പരിശോധന ആരംഭിച്ചത്.

കനികലബണ്ടെയും പരിസരത്തെ കുന്നിൻപ്രദേശങ്ങളും പൊലീസ് നിരീക്ഷണത്തിലാക്കി. അഞ്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് 120-ലധികം പൊലീസ് ഉദ്യോഗസ്ഥരാണ് മലനിരകളിൽ തെരച്ചിൽ നടത്തുന്നത്. തുംകൂരു അഡീഷണൽ എസ്പി ഗോപാൽ, മധുഗിരി ഡിവൈഎസ്പി മഞ്ജുനാഥ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം. എകെ-47 ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുമായി പത്തിലേറെ വാഹനങ്ങളിലായി എത്തിയ പൊലീസ് സംഘം ദുർഘടമായ പാതകളിലൂടെ കാൽനടയായി തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. കുറ്റിക്കാടുകൾ നിറ‌ഞ്ഞ പ്രദേശത്ത് ഉപ്പാര വെങ്കടേഷ് ഒളിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഡ്രോൺ ക്യാമറകൾ വിന്യസിച്ചും പൊലീസ് നിരീക്ഷണം നടത്തി. പാലവല്ലി, കഡപലകെരെ, വീരമ്മനഹള്ളി, ഗംഗാസാഗര, അച്ചമ്മനഹള്ളി, ഈരമ്മനഹള്ളി തുടങ്ങി 12 കിലോമീറ്റർ ചുറ്റളവിലുള്ള മലനിരകളും പാറക്കെട്ടുകളും പൊലീസ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചു. ഉപ്പാര വെങ്കടേഷിനെ കണ്ടെത്തും വരെ പ്രദേശത്ത് ക്യാന്പ് ചെയ്തുള്ള പരിശോധന തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button