Uncategorized

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു’; മുഖ്യമന്ത്രിക്കെതിരെ KSEBWA

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് എതിരെ കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയു). ‘മൊത്തം കുളമാകട്ടെ എന്ന ലക്ഷ്യത്തോടെ അനാവശ്യമായി വൈദ്യുതി ഓഫ് ചെയ്യുന്നു’ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്ന് കെഎസ്ഇബിഡബ്ല്യുഎ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ പ്രസ്താവന തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്ഇബിഡബ്ല്യുഎ പറഞ്ഞു. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് പകരം തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന് ജീവനക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അവഗണിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല. പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തി ശാശ്വത പരിഹാരം കണ്ടെത്തണം. തൊഴിലാളികള്‍ മനഃപൂര്‍വ്വം വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുന്നുവെന്ന പ്രസ്താവന മുഖ്യമന്ത്രി തിരുത്തണമെന്നും കെഎസ്ഇബിഡബ്ല്യുഎ ആവശ്യപ്പെട്ടു.

കൊച്ചിയില്‍ നടന്ന എനര്‍ജി കോണ്‍ക്ലേവിലായിരുന്നു കെഎസ്ഇബി ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍ രംഗത്തെത്തിയത്. പുനരുപയോഗ ഊര്‍ജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് പറയുമ്പോള്‍ കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ചൊറിച്ചിലാണെന്ന് സതീശന്‍ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ‘കുളം കലക്കി മീന്‍ പിടിക്കുന്ന’ സമീപനമാണ്. ഇത്തരം കാര്യങ്ങള്‍ തിരിച്ചടിയാകും. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വഷളാകട്ടെ എന്ന് കരുതി ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വം അനാവശ്യമായി നാലും അഞ്ചും തവണ വൈദ്യുതി വിച്ഛേദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കെഎസ്ഇബിഡബ്ല്യുഎ രംഗത്തെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button