കണ്ണൂരിൽ ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയെ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്ത് അധ്യാപിക, നടപടി

കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായ പെരുമാറിയ അധ്യാപികയ്ക്ക് നേരെ നടപടി. കണ്ണൂർ ജില്ലയിലെ കുന്നോത്തെ സെന്റ് ജോസഫ്സ് യു പി സ്കൂളിൽ എട്ടാം തിയതിയാണ് ദാരുണമായ സംഭവം നടന്നത്. സോഡിയം കുറഞ്ഞ് തല കറങ്ങി വീണ് മുൻപും ആശുപത്രിയിലെത്തിച്ച സംഭവം ഉണ്ടായ വിദ്യാർത്ഥിനിക്കാണ് ക്ലാസ് ടീച്ചറിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്. വിദ്യാർത്ഥിനി തല കറങ്ങിവീണ വിവരം അറിയിക്കാനെത്തിയ സഹപാഠികളോട് തല കറങ്ങി വീണ കുട്ടി തന്നെ വന്ന് പറയട്ടെയെന്നായിരുന്നു ക്ലാസ് ടീച്ചറായ സിസ്റ്റർ ലിന്റോ ജോസ് പറഞ്ഞത്. പിന്നാലെ ക്ലാസ് മുറിയിലെത്തിയ അധ്യാപിക സഹപാഠികളുടെ മുന്നിൽ വച്ച് താഴെ വീണ് കിടക്കുന്ന വിദ്യാർത്ഥിനിയെ ചവിട്ടുകയും ചത്തിട്ടില്ലേയെന്നും ചോദിക്കുകയും ചെയ്തതായാണ് രക്ഷിതാക്കൾ നൽകിയ പരാതി. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപികയെ പിരിച്ചുവിട്ടതായി പ്രധാന അധ്യാപകൻ ബിജു കെ ജെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദമാക്കിയത്.
ബുധനാഴ്ച രാവിലെ സ്കൂളിലെത്തിയ രക്ഷിതാക്കൾ പ്രധാനാധ്യാപകന് പരാതി നൽകി പ്രതിഷേധിച്ചിരുന്നു. ആരോപണങ്ങൾ ഉയർന്നതോടെ അധ്യാപിക തനിക്ക് പറ്റിയ വീഴ്ചകൾ സമ്മതിക്കുകയും വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നും കുട്ടിയെ മർദിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്നും ശകാരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അധ്യാപികയുടെ അവകാശവാദം.




