ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു; യാത്ര വൈകി, കുഞ്ഞ് മരിച്ചു

.
സംഭാൽ: യു.പിയിൽ റോഡിന്റെ ദുരവസ്ഥ കാരണം ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയിൽ കുടുങ്ങിപ്പോയതിനെ തുടർന്ന് ചികിത്സ കിട്ടാതെ നവജാതശിശു മരിച്ചു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി ചികിത്സ നൽകാനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സംഭവം. പ്രദേശത്തെ തകർന്നടിഞ്ഞ റോഡിലൂടെ പോവുകയായിരുന്ന ആംബുലൻസ് റോഡിലെ കുഴിയിൽപ്പെട്ട് രണ്ടു മണിക്കൂറോളം വഴിയിൽ കിടക്കുകയായിരുന്നു.
ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞിനെ സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ല. പിന്നീട് ഏറെ പരിശ്രമിച്ച് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തക്കസമയത്ത് വൈദ്യസഹായം ലഭിക്കാത്തതാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് പ്രദേശവാസികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്ന് ഉയർന്നുവരുന്നത്. തകർന്ന റോഡുകൾ ഉടനടി നന്നാക്കണമെന്നും കുഞ്ഞിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.




