കൊച്ചിയിൽനിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന എംഡിഎംഎ മട്ടാഞ്ചേരി പൊലിസ് പിടികൂടി. തോപ്പുംപടിയിലെ വീട്ടിൽ നിന്നും കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫിസിന് എതിർ വശത്തെ റോഡിൽ കിടന്നിരുന്ന കാറിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്.ചക്കരയിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന പുതിയറോഡ് സ്വദേശി നൗഫൽ(32) ആണ് പിടിയിലായത്. തോപ്പുംപടിയിലെ നൗഫലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആദ്യം 14 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർ പരിശോധന. കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫിസിന് എതിർവശത്തെ റോഡിൽ കിടന്നിരുന്ന നൗഫലിന്റെ കാറിലും പൊലിസ് പരിശോധന നടത്തി.
കാറിൽ നിന്ന് രണ്ട് കിലോഗ്രാം തൂക്കം വരുന്ന എംഡിഎംഎയാണ് കണ്ടെത്തിയത്. കാറിൽ പുതിയ കൂളറും ടവർ ഫാനും ഉണ്ടായിരുന്നു. കൂളറിനും ടവർ ഫാനിനുമുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു.
നൗഫൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് കാറ് പാർക്ക് ചെയ്തിരുന്നത്. നിലവിലെ വിലയനുസരിച്ച് പിടികൂടിയ എംഡിഎംഎയ്ക്ക് ഒരു കോടി രൂപയിലേറെ മൂല്യമുണ്ട്




