ശബരിമല അന്നദാനപ്പുരയിൽ അട്ടിമറി ശ്രമമെന്ന് സംശയം; മുൻ കരാറുകാരന്റെ സഹായി അടുക്കളയിൽ അതിക്രമിച്ച് കയറി

പത്തനംതിട്ട: ശബരിമല അന്നദാനപ്പുരയിൽ അട്ടിമറി ശ്രമമെന്ന് സംശയം. പുലർച്ചെ മൂന്ന് മണിയോടെ മുൻ കരാറുകാരന്റെ സഹായി അടുക്കളയിൽ അതിക്രമിച്ച് കയറിയതോടെയാണ് സുരക്ഷാ ആശങ്ക ശക്തമായത്. മദ്യലഹരിയിലായിരുന്ന ഇയാൾ നിലവിലെ കരാറുകാരെ ഭീഷണിപ്പെടുത്തിയിരുന്നതായും അന്നദാനത്തിന് ഭക്ഷണം വിളമ്പാനെത്തിയവരെ പിന്തിരിപ്പിക്കാൻ ശ്രമമുണ്ടായതായും പരാതിയുണ്ട്.പുലർച്ചെ മൂന്ന് മണിക്കാണ് സന്നിധാനത്തെ അന്നദാനപ്പുരയിൽ സുരക്ഷാ ആശങ്ക ഉയർത്തിയ സംഭവം ഉണ്ടായത്. അന്നദാനത്തിന് ഭക്ഷണം വിളമ്പാനെത്തിയവരെ ജോലിയിൽ നിന്ന് പിന്തിരിപ്പിക്കാനും ശ്രമമുണ്ടായി. കരാറുകൾ നഷ്ടപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള അട്ടിമറി നീക്കമെന്നാണ് സംശയം.സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇയാളുടെ കടന്നുകയറ്റം സദുദ്ദേശത്തോടെയല്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. ദേവസ്വം ഇന്റലിജൻസിനോട് നിരീക്ഷണം ശക്തമാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അന്നദാനപ്പുരയിൽ 25 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണത്തിൽ വിഷം കലർത്താൻ പോലും മടിക്കാത്ത ക്ഷുദ്രശക്തികൾ ഉണ്ടെന്നും അട്ടിമറി ശ്രമങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ദേവസ്വം മന്ത്രി കെ. മുരളീധരനും മുന്നറിയിപ്പ് നൽകി. കരാറുകൾ ലഭിക്കാത്തവരുടെ അട്ടിമറി ശ്രമങ്ങൾ ഉണ്ടാകാമെന്നും ജാഗ്രത വേണമെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമലയിലെ കരാർ ഇടപാടുകളിൽ ഗൂഢസംഘങ്ങളുടെ ഇടപെടൽ നേരത്തെയും വിജിലൻസ് റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെട്ടിരുന്നു. ഭക്തർക്ക് നൽകുന്ന ഭക്ഷണത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ല എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാട്.



