Uncategorized

ഇന്ത്യയ്ക്ക് 5 എസ് 400 മിസൈൽ സിസ്റ്റങ്ങൾ കൂടി നൽകാൻ റഷ്യയുടെ ഓഫർ; നീക്കം ഒപ്പറേഷൻ സിന്ദൂറിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി മിസൈലുകൾ വാങ്ങുന്നതിനുള്ള ടെൻഡറിന് മറുപടിയായി അഞ്ച് എസ്-400 ‘ത്രിയംഫ്’ ദീർഘദൂര ഉപരിതല-വ്യോമ മിസൈൽ സിസ്റ്റങ്ങൾ കൂടി വിൽക്കാൻ റഷ്യ ഓഫർ നൽകിയതായി റിപ്പോര്‍ട്ട്. ‘സുദർശൻ’ എന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന ഈ മിസൈൽ സംവിധാനം ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാൻ തൊടുത്തുവിട്ട ഭീഷണികളെ വിജയകരമായി പ്രതിരോധിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുടെ ഇടവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തിയ വേളയിലാണ് കൂടുതൽ മിസൈലുകൾ വിൽക്കാനുള്ള റഷ്യൻ നീക്കം. പ്രതിരോധം, ഊർജ്ജം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയും ഇരുവരും വിലയിരുത്തി.

റഡാറുകളും മിസൈലുകളും ഉൾപ്പെടുന്നതാണ് എസ്-400 സിസ്റ്റം. ഇതിന്റെ 400 കിലോമീറ്റർ വരെയുള്ള ഉയർന്ന പരിധി ശത്രുവിമാനങ്ങളെ സ്വന്തം വ്യോമാതിർത്തിക്കുള്ളിൽ പോലും സുരക്ഷിതമായി പറക്കുന്നതിൽ നിന്ന് തടയുന്നു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് 314 കിലോമീറ്റർ ദൂരത്തിൽ വെച്ച് പാകിസ്ഥാൻ വ്യോമസേനയുടെ നിരീക്ഷണ വിമാനം തകർത്തുകൊണ്ട് എസ്-400 ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഉപരിതല-വ്യോമ മിസൈൽ ആക്രമണം നടത്തിയതായി വെസ്റ്റേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ജീതേന്ദ്ര മിശ്ര എഎൻഐ പോഡ്‌കാസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

2018-ൽ ഒപ്പിട്ട ആദ്യ കരാർ പ്രകാരം ഓർഡർ ചെയ്ത അഞ്ചിൽ നാല് എസ്-400 യൂണിറ്റുകൾ ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ചിട്ടുണ്ട്. അഞ്ചാമത്തെയും അവസാനത്തെയും യൂണിറ്റ് നവംബറോടെ ലഭിച്ചേക്കും. പുതിയ കരാർ ഒപ്പിട്ട് മൂന്ന് വർഷത്തിനകം പുതിയ മിസൈൽ സിസ്റ്റങ്ങളുടെ വിതരണം ആരംഭിക്കാൻ സാധ്യതയുണ്ട്. ഓപ്പറേഷൻ സിന്ദൂറിലെ മികച്ച പ്രകടനം കണ്ടശേഷമാണ് അഞ്ച് സ്ക്വാഡ്രൺ എസ്-400 കൂടി വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button