രാഷ്ട്രീയം പറയാനല്ല’; ഛാത്രോം കി ഗൂഞ്ചിൽ വിദ്യാർഥികളുമായി സംവദിച്ച് രാഹുൽ ഗാന്ധി

പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം പൂനെയില്‍ ആരംഭിച്ചു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും പ്രധാന ചര്‍ച്ചയാക്കുന്ന പരിപാടിയാണിത്. എന്നാല്‍ രാഷ്ട്രീയം പറയാനല്ല ഛാത്രോം കി ഗൂഞ്ച് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
വിദ്യാര്‍ഥികള്‍ ഓരോ പ്രത്യേകതകളുള്ളവരാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി രാജ്യത്തെ വനിതകളാണ്. മനുസ്മൃതിയില്‍ സ്ത്രീകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ലജ്ജാകരമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീകള്‍ സ്വതന്ത്രരായിരിക്കണം. മനുസ്മൃതി പുരുഷന്മാരെ സ്ത്രീകള്‍ക്ക് മുകളില്‍ സ്ഥാപിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങള്‍ മൂലം രാജ്യത്തെ 50 ശതമാനം സ്ത്രീകളും ജോലി ഉപേക്ഷിക്കുന്ന അവസ്ഥയാണ്. രാജ്യത്തെ 6 ശതമാനം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരകളാകുന്നു. പല പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട അവസ്ഥയാണുള്ളതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ജന്തര്‍മന്തര്‍ സമരത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി ഞെട്ടല്‍ രേഖപ്പെടുത്തിയത് പെണ്‍കുട്ടികള്‍ മോശം വാക്ക് പറഞ്ഞു എന്നതിലാണ്. ആണ്‍കുട്ടികള്‍ മോശം വാക്കുകള്‍ പറഞ്ഞാല്‍ ഒരു കുഴപ്പവുമില്ല എന്നതാണ് മോദി പറയുന്നത്. അവര്‍ക്ക് ഇതെല്ലാം അനുവദനീയമാണ് എന്നതാണ് മനോഭാവം. പെണ്‍കുട്ടി മോശം വാക്ക് ഉപയോഗിച്ചാല്‍ സംസ്കാര ശൂന്യത എന്നാണ് പറയുന്നത്. ബിജെപി നേതാക്കള്‍ പറയുന്നത് പെണ്‍കുട്ടികള്‍ കാരണമാണ് ബലാത്സംഗം സംഭവിക്കുന്നത് എന്നാണ്. രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍, തൊഴിലവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പരിപാടിയില്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി നേരിട്ട് ചര്‍ച്ച ചെയ്യുന്നത്. രാജ്യവ്യാപകമായി 800ഓളം ചെറുകിട നഗരങ്ങളിലും പട്ടണങ്ങളിലും ‘ഛാത്രോം കീ ഗൂഞ്ച്’ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. മുന്‍പ് സംഘടിപ്പിച്ച പരിപാടികളില്‍ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചും, പേപ്പര്‍ ചോര്‍ച്ച സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്നതിനെക്കുറിച്ചും രാഹുല്‍ ഗാന്ധി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.




