ഇടുക്കിയിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ ഡ്രൈവും പുരോഗമിക്കുന്നു
ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ ഡ്രൈവും പുരോഗമിക്കുന്നു. ഈമാസം ഒന്നു മുതൽ 30 വരെയാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു. ഓണത്തിന് ചാരായം ഉല്പാദിപ്പിക്കുവാനായി കരുതിവെച്ച കോടയാണ് കണ്ടെടുത്തത്.
ഉടുമ്പൻ ചോല എക്സൈസ് സർക്കിൾ പാർട്ടി ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള തമിഴ്നാട് അതിർത്തിയോട് ചേർന്ന രാമക്കൽമേട്, ആമപ്പാറ, ബംഗ്ലാദേശ്, കൊച്ചറ, മണിയൻ പെട്ടി ഭാഗങ്ങളിലാണ് പരിശോധനകൾ നടത്തിയത്. മണിയൻ പെട്ടി ഭാഗത്ത് നിന്നുമാണ് വ്യാജ വാറ്റിനായി സൂക്ഷിച്ച 200 ലിറ്റർ കോട കണ്ടെടുത്തത്. ഓണക്കാലത്ത് ചാരായം നിർമ്മിച്ച് വിതരണത്തിനായി സൂക്ഷിച്ചതാണന്നാണ് നിഗമനം.
കോട സൂക്ഷിച്ച ആളെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. സി ഐ വിജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾ നടത്തിയത്.



