Uncategorized
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 47-കാരന് 30 വർഷം കഠിന തടവ്; വിവരം മറച്ചുവെച്ച രണ്ടാംപ്രതിക്ക് ആറുമാസം തടവ്

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച 47-കാരന് 30 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. നെയ്യാറ്റിൻകര കാരോട് സ്വദേശിയായ വിദ്യാധരൻ നായരെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി -ഒന്ന് ജഡ്ജി കെ.എം. സുജ വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷവും ആറ് മാസവും അധിക ശിക്ഷ അനുഭവിക്കണം. വിവരം അധികൃതരെ അറിയിക്കാതിരുന്ന രണ്ടാം പ്രതിക്കും കോടതി ആറുമാസം തടവിനും 5000 രൂപ പിഴ ഒടുക്കുവാനും വിധിച്ചിട്ടുണ്ട്.
കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങിയത്. ഈ വിവരം കുട്ടി ക്ലാസ് ടീച്ചറോട് പറഞ്ഞത് അനുസരിച്ചാണ് കേസെടുത്തത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വ.വി.ആർ മായാദേവി എന്നിവർ ഹാജരായി. പാറശ്ശാല സി.ഐ ആയിരുന്ന ജെ.സന്തോഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്




