Uncategorized

മം​ഗളൂരു മൈസൂരു ഡിവിഷനിൽ; സ്വാ​ഗതംചെയ്ത് മം​ഗളൂരു എംപി, പ്രതിഷേധവുമായി കേരളത്തിലെ എംപിമാർ; കർണാടകയുടെ ദീർ​​ഘനാളത്തെ ആവശ്യമെന്ന് റെയിൽവേ സഹമന്ത്രി

ബെം​ഗളൂരു: മം​ഗളൂരുവിലെ റെയിൽപാത സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം ദീർഘനാളത്തെ ആവശ്യം പരി​ഗണിച്ചുള്ള സുപ്രധാന നടപടിയാണെന്ന് കർണാടകയിൽനിന്നുള്ള റെയിൽവേ സഹമന്ത്രി വി. സോമണ്ണ. ഈ തീരുമാനം തീരദേശ കർണാടകയുടെ ഏറെക്കാലത്തെ ആവശ്യം പരി​ഗണിച്ചുള്ള സുപ്രധാന നടപടിയാണ്. ഇത് മേഖലയിലെ റെയിൽവേ വികസനത്തിനും പ്രത്യേകിച്ച് മം​ഗളൂരുവിന്റെ വികസനത്തിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ മം​ഗളൂരു മുതൽ ഉള്ളാൾ വരെയുള്ള ഭാ​ഗം സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റാൻ കഴിഞ്ഞദിവസമാണ് റെയിൽവേ ബോർഡ് തീരുമാനമെടുത്തത്. ഒക്ടോബറിൽ ഇത് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ‘ ഡെക്കാൻ ഹെറാൾഡ് ‘ നൽകിയ റിപ്പോർട്ടിലാണ് ഈ തീരുമാനം കർണാടകയുടെ ദീർഘനാളത്തെ ആവശ്യം പരി​ഗണിച്ചാണെന്നുള്ള റെയിൽവേ സഹമന്ത്രിയുടെ പ്രതികരണവുമുള്ളത്.

മം​ഗളൂരു-ഉള്ളാൾ പാത മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തെ മം​ഗളൂരു എംപി ബ്രിജേഷ് ഛൗട്ടയും സ്വാ​ഗതംചെയ്തു. 2024-ൽ എംപിയായി അധികാരമേറ്റതിന് പിന്നാലെ താൻ മുൻ​ഗണന നൽകിയ വിഷയങ്ങളിലൊന്നാണ് ഇതെന്നും ഇതോടെ മം​ഗളൂരുവിലെ റെയിൽപാതകളെല്ലാം ഒരു കുടക്കീഴിലായെന്നും അദ്ദേഹം പറഞ്ഞു. മം​ഗളൂരു മേഖലയുടെ ദീർഘകാലത്തെ ആവശ്യമാണ് സഫലമാകുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഇക്കാര്യം ആവശ്യപ്പെട്ട് നിരന്തരം കണ്ടിരുന്നു. മം​ഗളൂരുവിന്റെ വികസനത്തിന് സഹായകമാകുന്ന തീരുമാനമെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി സോമണ്ണ തുടങ്ങിയവരോട് നന്ദിയുണ്ടെന്നും മം​ഗളൂരു എംപി കൂട്ടിച്ചേർത്തു. അതേസമയം, പാലക്കാട് ഡിവിഷൻ വെട്ടിമുറിയ്ക്കാനുള്ള റെയിൽവേ തീരുമാനത്തിനെതിരേ കേരളത്തിൽ വൻ പ്രതിഷേധമാണുയരുന്നത്. ആരുമായും ആലോചിക്കാതെയാണ് റെയിൽവേ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി. കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനാണ് ഈ തീരുമാനമെന്നും വി.കെ. ശ്രീകണ്ഠൻ ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button