ആഡംബര അപ്പാർട്മെന്റ്, സ്വർണം, വാഹനങ്ങൾ; തെലങ്കാന റവന്യൂ ഉദ്യോഗസ്ഥ്‍റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, 6.87 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി

ഹൈദരാബാദ്: വരുമാന സ്രോതസ്സുകളേക്കാൾ ഉയർന്ന അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ തെലങ്കാനയിലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ ആന്റി കറപ്ഷൻ ബ്യൂറോയുടെ നടപടി. രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണം ആർ.ഡി.ഒ ഓഫീസിലെ ഡിവിഷണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും തഹസിൽദാറുമായ ദേസാനി ശ്രീനിവാസ് റെഡ്ഡിക്കെതിരെയാണ് കേസ് എടുത്തത്. വ്യാഴാഴ്ച ഇയാളുടെ വീട്, ഓഫീസ്, ബന്ധുക്കളുടെയും കൂട്ടാളികളുടെയും വീടുകൾ ഉൾപ്പെടെ ഏഴു കേന്ദ്രങ്ങളിൽ എ.സി.ബി സംഘം ഒരേസമയം റെയ്ഡ് നടത്തി. പരിശോധനയിൽ ഔദ്യോഗിക രേഖകൾ പ്രകാരം 6.87 കോടി രൂപയുടെ ആസ്തി കണ്ടെത്തി. എന്നാൽ വിപണി മൂല്യത്തിൽ 50 മുതൽ 60 കോടി രൂപ വരെ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചുകർമൻഘട്ടിൽ 2.63 കോടി രൂപ മൂല്യമുള്ള രണ്ട് റെസിഡൻഷ്യൽ ഫ്ളാറ്റുകളും, സരൂർനഗറിലെ കർമൻഘട്ടിൽ 1.61 കോടി രൂപ മൂല്യമുള്ള ആഡംബര അപ്പാർട്ട്മെന്റും കണ്ടെത്തി. കൂടാതെ, 25.50 ലക്ഷം രൂപ വിലമതിക്കുന്ന 10 ഏക്കറിലധികം കാർഷിക ഭൂമിയും, ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി 62.84 ലക്ഷം രൂപ മൂല്യമുള്ള 8 തുറസ്സായ പ്ലോട്ടുകളും ബാലാപൂരിലെ ‘നരേന്ദ്ര ബാർ ആൻഡ് റെസ്റ്റോറന്റിൽ’ പങ്കാളിയെന്ന നിലയിൽ 86 ലക്ഷം രൂപയുടെ നിക്ഷേപവും ഉദ്യോഗസ്ഥനുണ്ട്.
5.85 ലക്ഷം രൂപ വിലമതിക്കുന്ന 680 ഗ്രാം സ്വർണാഭരണങ്ങളും 59 ലക്ഷം രൂപ വിലമതിക്കുന്ന 3 കാറുകളും 2 ഇരുചക്ര വാഹനങ്ങളും 11 ലക്ഷം രൂപ വിലമതിക്കുന്ന വീട്ടുസാധനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും റെയ്ഡില്‍ കണക്കാക്കിയിട്ടുണ്ട്




