സദാചാര ആക്രമണത്തെ ശക്തമായി അപലപിക്കുന്നു’; ചിന്നു ചിലങ്കയ്ക്ക് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: സ്നേഹലത റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘മിസ’ എന്ന നാടകം ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഉയര്‍ന്ന സദാചാര ആക്രമണങ്ങളില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ്. മിസ നാടകത്തിലെ നടിക്കെതിരെ വ്യാപകമായി നടക്കുന്ന സദാചാര ആക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്ന് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
‘സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടി ആണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ആ പാരമ്പര്യത്തില്‍ നിന്ന് തന്നെയാണ് രാഹുല്‍ ഗാന്ധി എപ്പോഴും സ്ത്രീ പുരുഷ സമത്വം എന്ന നിലപാട് ഉയര്‍ത്തി പിടിക്കുന്നത്. കോണ്‍ഗ്രസിനെതിരെ എല്ലാ രാഷ്ട്രീയ എതിരാളികളുടെയും ഏക്കാലത്തെയും വലിയ ആയുധം നമ്മുടെ സമുന്നതരായ വനിതാ നേതാക്കള്‍ക്കെതിരെ നുണകളാല്‍ സദാചാര ആക്രമണം അഴിച്ചു വിടുക എന്നതായിരുന്നു. ആ വൈകാരികത ഉള്‍ക്കൊള്ളുന്ന ഓരോ കോണ്‍ഗ്രസുകാരനും സദാചാര ഭീരുക്കളാല്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല’, എ എ മുഹമ്മദ് ഹാഷിം ഫേസ്ബുക്കിൽ കുറിച്ചു.
സ്നേഹലത റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയതാണ് ‘മിസ’ നാടകം. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തിന് എതിരെ വലിയ സദാചാര ആക്രമണമാണ് നടക്കുന്നത്. നാടകത്തിലെ ഒരു ഭാഗം മാത്രം തെരഞ്ഞുപിടിച്ച് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.
മിസ നാടകത്തിനെതിരെ നടക്കുന്ന സദാചാര പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചിരുന്നു. മിസ നാടകം വീണ്ടും പൊതുസമ്മേളന വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും ഡിവൈഎഫ്ഐ പറഞ്ഞു. നാടകത്തിലെ രംഗങ്ങള്‍ മറ്റു പാട്ടിട്ട് വക്രീകരിച്ചു നല്കി, മനോവകൃതത്തിനനുസരിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ലീഗിന്റെയും പ്രവര്‍ത്തകരും നേതാക്കളും ആണ് ഇങ്ങനെ ചെയ്യുന്നതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.




