ACP ഉമേഷിനെ തിരിച്ചെടുക്കാനുള്ള നീക്കം; കോണ്‍ഗ്രസില്‍ അതൃപ്തി

കോഴിക്കോട്: സസ്പെൻഷൻ നടപടി പിൻവലിച്ച് എസിപി എ ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. പരസ്യപ്രതികരണവുമായി കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഷാജിര്‍ അറാഫത്തും നിജേഷ് അരവിന്ദും രംഗത്തെത്തി. ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മുമായി ഉമേഷ് ഒത്തുകളിച്ചു എന്നാണ് ആരോപണം. കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ചുവെന്ന ആക്ഷേപവും ഉമേഷിനെതിരെ ഉയരുന്ന സാഹചര്യത്തില്‍ ഇതെല്ലാം മാറ്റിനിര്‍ത്തി ചില നേതാക്കള്‍ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നെന്നും പരാതിയുണ്ട്.
ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണം കോണ്‍ഗ്രസിന് നഷ്ടമായതിന്റെ കാരണം സിപിഎമ്മുമായി ഉമേഷ് ഒത്തുകളിച്ചതാണെന്നും കള്ളവോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ സൗകര്യം നല്‍കിയെന്നും നേതാക്കള്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ച് കയറ്റാനോ പഴയകാര്യങ്ങള്‍ മറക്കാനോ പാടില്ലെന്നുമാണ് കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
പാലക്കാട് ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ പീഡന പരാമര്‍ശത്തിലാണ് ഉമേഷിനെ 2025 നവംബര്‍ 30ന് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇരയായ യുവതി മൊഴിമാറ്റിയതിനെ തുടര്‍ന്ന് ഉമേഷിനെതിരെയുള്ള കേസിന് സാധുതയില്ലാതെയായി. ഇടതു സര്‍ക്കാറിന്റെ കാലത്ത് തന്നെ ഉമേഷ് സര്‍വീസില്‍ തിരികെ എത്തേണ്ടതായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടപടികള്‍ നീണ്ടുപോവുകയായിരുന്നു. സസ്‌പെന്‍ഷന്‍ ലഭിച്ച കേസ് നിലനില്‍ക്കാത്ത സാഹചര്യത്തില്‍ എസിപി ഉമേഷിന് സര്‍വീസില്‍ കയറാന്‍ അവകാശമുണ്ടെങ്കിലും ചേവായൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടി അതിനെ എതിര്‍ക്കുകയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍.
2024 നവംബര്‍ 16ന് നടന്ന ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതല ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം അന്നത്തെ അസി. കമ്മീഷണര്‍ എ ഉമേഷിനായിരുന്നു. തെരഞ്ഞെടുപ്പ് ചിത്രീകരിക്കാന്‍ മൂന്ന് ഫോട്ടോഗ്രാഫര്‍മാരെയും ഹൈക്കോടതി നിര്‍ദേശപ്രകാരം നിയോഗിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നടന്ന ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ നൂറു കണക്കിന് സിപിഐഎം പ്രവര്‍ത്തകര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കള്ളവോട്ട് ചെയ്ത് ബൂത്ത് കയ്യേറിയെങ്കിലും പൊലീസ് അക്രമികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചെന്നായിരുന്നു ഉയര്‍ന്ന ആക്ഷേപം. അന്നത്തെ മെഡി. കോളേജ് ഇന്‍സ്‌പെക്ടര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും അസി. കമ്മിഷണര്‍ അതിന് അനുവദിച്ചില്ലെന്നും ആക്ഷേപം ഉണ്ടായി.
ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ പൊലീസ് വീഴ്ച വരുത്തിയെന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികള്‍ അന്വേഷിക്കാന്‍ കഴിഞ്ഞ മാസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപി റാവാഡ ചന്ദ്രശേഖറിന് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം സുരക്ഷയ്ക്കായി മെഡിക്കല്‍ കോളേജ് പൊലീസിനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അക്രമസംഭവങ്ങള്‍ തടയുന്നതില്‍ അന്നത്തെ മെഡിക്കല്‍ കോളേജ് എസിപി ഉള്‍പ്പെട ഉള്ളവര്‍ വീഴ്ച വരുത്തിയെന്നതടക്കമുള്ള കാര്യങ്ങളാണ് ആഭ്യന്തരമന്ത്രിയ്ക്ക് ലഭിച്ച പരാതിയിലുണ്ടായിരുന്നത്. 5000ത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഉപയോഗിച്ചുവെന്നും കോഴിക്കോട് എംപി എം കെ രാഘവനും ഡിസിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാറും അടക്കമുള്ള നേതാക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.




