Uncategorized

സംസ്ഥാനത്ത് പിടിമുറുക്കി ‘കോസ്‌മെറ്റിക്ക് മാഫിയ’; മറ്റു രാജ്യങ്ങളിൽ നിരോധിച്ച വസ്തുക്കളും വിൽപ്പനയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പിടിമുറുക്കി കോസ്‌മെറ്റിക്ക് മാഫിയ. സംസ്ഥാനത്ത് വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ സുലഭമെന്ന് പരിശോധനയില്‍ കണ്ടെത്തി. ലിപ്സ്റ്റിക്കിലും ഫേസ്‌ക്രീമുകളിലും അനുവദനീയമായ അളവില്‍ കൂടുതല്‍ മെര്‍ക്കുറിയുടെ സാന്നിധ്യവും പരിശോധനയിൽ വ്യക്തമായി. മറ്റ് രാജ്യങ്ങളില്‍ നിരോധിച്ച കോസ്‌മെറ്റിക്ക് വസ്തുക്കളും കേരളത്തില്‍ വില്‍പന നടത്തുന്നുണ്ട്. വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഗുരുതരമായ ത്വക്ക് രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേരളം കേന്ദ്രീകരിച്ച് നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

കൗമാരക്കാര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളുടെ ഉപയോഗം വര്‍ധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ പഠനം വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. ഇതോടെയാണ് ഒരു കോസ്മറ്റിക്ക് മാഫിയ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമായത്. വിദേശ നിര്‍മിത വസ്തുക്കള്‍ എന്ന പേരില്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്നവയാണ് വിപണയിലെത്തുന്നത്.

കോട്ടയത്താണ് ഒരു കടയില്‍ ഇവയുടെ നിര്‍മാണം നടത്തിവന്നത്. ത്വക്ക് രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമാകുന്ന വസ്തുക്കള്‍ ചേര്‍ത്താണ് ഇവ നിര്‍മിക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം യൂണിറ്റുകള്‍ വഴി പാക് നിര്‍മിത കോസ്‌മെറ്റിക്ക് വസ്തുക്കള്‍ ഉള്‍പ്പെടെ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് ആരോഗ്യ മന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button