Uncategorized

മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ്: തുടരന്വേഷണത്തിന് സര്‍ക്കാര്‍; കായിക വകുപ്പ് റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും

മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കായിക വകുപ്പ് റിപ്പോര്‍ട്ടില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍. കായിക വകുപ്പ് റിപ്പോര്‍ട്ട് അടുത്ത മന്ത്രി സഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിയമ നടപടിക്ക് വിട്ടുവീഴ്ച്ച വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ ഇടപാടില്‍ ഒരു തരത്തിലുള്ള സുതാര്യതയുമില്ലെന്ന് കായിക വകുപ്പ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തുടരന്വേഷണത്തിന് തയ്യാറെടുക്കുന്നത്.

അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) 1.5 കോടി യുഎസ് ഡോളര്‍ (ഏകദേശം 126 കോടി രൂപ) നല്‍കിയതായി സ്പോണ്‍സര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പണം കൈമാറിയതിന്റെയോ എഎഫ്എ അത് സ്വീകരിച്ചതിന്റെയോ യാതൊരു രേഖകളും സര്‍ക്കാരിന് ലഭിച്ചിട്ടില്ല. എഎഫ്എയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള കരാറിന്റെ രേഖയോ സ്പോണ്‍സറും സര്‍ക്കാരും തമ്മില്‍ ഒപ്പിട്ടതിന്റെ രേഖകളോ കണ്ടെത്താനായിട്ടില്ല. കായികവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് രണ്ടാഴ്ച മുന്‍പ് തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രി വിഡി സതീശന് കൈമാറി.

മുഖ്യമന്ത്രി റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് കായിക യുവജനകാര്യ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി അഡ്വ. ഒജെ ജനീഷ് പറഞ്ഞു. നിലവില്‍ കായിക വകുപ്പ് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവകരമാണ്. ഈ റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് കായിക മന്ത്രി ഒജെ ജനീഷ് വ്യക്തമാക്കി.

മെസിയെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആരുമായും കരാറില്‍ ഏര്‍പ്പെട്ടതിന്റെ രേഖകള്‍ ഇല്ലെന്നാണ് കായിക വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനും സര്‍ക്കാറും തമ്മില്‍ എഗ്രിമെന്റും ഇല്ല. ചുരുക്കത്തില്‍ ഇത്തരമൊരു നീക്കത്തിന് നിയമ സാധുത ഉണ്ടായിരുന്നില്ലെന്നുമുള്ള ഗുരുതരമായ കണ്ടെത്തലും കായിക വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്

മെസിയെ കൊണ്ട് വരാനുള്ള നീക്കം വ്യാജമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ മറവില്‍ ക്രിമിനല്‍ കുറ്റങ്ങളും സാമ്പത്തിക വഞ്ചനയുമാണ് നടന്നിട്ടുള്ളതെന്ന് സംശയിക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. ഫിഫ അംഗീകാരമില്ലാതെയാണ് പ്രഖ്യാപനം നടന്നത്. ചട്ടങ്ങള്‍ മറികടന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. മുന്‍ കായിക മന്ത്രി നടപടിക്രമം പാലിച്ചില്ല. കലൂര്‍ സ്റ്റേഡിയം സ്പോണ്‍സര്‍മാര്‍ക്ക് കൈമാറിയതിലും വീഴ്ച്ചയുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button