മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോയി, വണ്ടി ഒഴുക്കിൽപ്പെട്ടു; ഒരു കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഘട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര് മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടെയാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഒമ്നി വാന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ദേവാസിലുള്ള സത്വാസ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടവര്‍. കലാവത്തിലുള്ള ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മടങ്ങുകയായിരുന്നു സംഘം. കനത്ത മഴയെത്തുടര്‍ന്ന് സമീപത്തെ തോട് കവിഞ്ഞൊഴുകി വെള്ളം റോഡിലേക്ക് കയറിയിരുന്നു. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുന്നോട്ട് പോകരുതെന്ന് നാട്ടുകാര്‍ വാന്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡ്രൈവർ ഇത് വകവെച്ചില്ല. മുന്നോട്ടുപോയ വാന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. പതിനൊന്ന് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.



