Uncategorized

മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ അഴിമതിയെന്ന് ആരോപണം; അന്വേഷണം ആരംഭിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ അഴിമതി നടന്നതായി പരാതി. സംഭവത്തില്‍ സഹകരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയുടെ കൃത്യമായ പരിശോധനയിലും മൂല്യ നിര്‍ണ്ണയത്തിലും വീഴ്ചവരുത്തി എന്നാണ് പരാതി.

സഹകരണ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ബാങ്കിന്റെ മുന്‍ സെക്രട്ടറിമാരുടെ റിട്ടയര്‍മെന്റ് ചടങ്ങിലേക്ക് പൊതു ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചെലവഴിച്ചതായും ആരോപണമുണ്ട്. മുന്‍ സെക്രട്ടറി എം പുരുഷോത്തമന് എതിരെയാണ് പ്രധാന ആരോപണം ഉയര്‍ന്നിരിക്കുന്നത്. നിലവിലെ സ്റ്റോക്ക് ഓഫീസറും, ബാങ്കിലെ കണ്‍കറന്റ് ഓഫീസറുമായ ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. പൊതു ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവാക്കിയിരിക്കുന്നത് സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാതെയാണെന്നാണ് വിവരം.

വിശദമായ ഏഴ് പരാതികളാണ് സഹകരണ വകുപ്പിന് ലഭിച്ചിരിക്കുന്നത്. ഒന്‍പത് കോടിയുടെ അഴിമതി നടന്നെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ നീതി ആഹാര്‍ സ്‌റ്റോറുകള്‍ക്ക് ആവശ്യമായ സ്ഥലം വാല്യുവേഷന്‍ കൂടുതല്‍ കാണിച്ചാണ് വാങ്ങിയതെന്നും അതില്‍ കൃത്യമായ ഓഡിറ്റ് നടന്നില്ലെന്നും പരാതിയുണ്ട്. ജോയിന്റ് രജിസ്ട്രാര്‍ക്കാണ് പരാതികളില്‍ അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഉടന്‍ തന്നെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button