Uncategorized

ഒരുവീട്ടിൽ രണ്ടുമുറികളിൽ താമസം, മുംബൈ യാത്രയിലെ പെൺസുഹൃത്തും സ്വത്ത് തർക്കവും; ഭാര്യയെ കൊന്ന് മുങ്ങിയ 62-കാരനായ ടെക്കി പിടിയിൽ

ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ 62-കാരൻ പിടിയിലായി. ഈസ്റ്റ് ഡൽഹി സ്വദേശിയും സോഫ്റ്റ് വെയർ കൺസൾട്ടന്റുമായ കമൽ സിങ്ങിനെയാണ് ഉത്തർപ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് 30-നാണ് ഡൽഹിയിലെ വീട്ടിൽവെച്ച് കമൽ സിങ് ഭാര്യ കോമൾ സിങ്ങിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ആയുധങ്ങൾ ഉപേക്ഷിച്ച് മുങ്ങിയ പ്രതിയെ നാലുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.

കൊല്ലപ്പെട്ട കോമൾസിങ്ങും പ്രതി കമൽസിങ്ങും തമ്മിൽ ഏറെനാളായി ദാമ്പത്യപ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനുപുറമേ ദമ്പതിമാർക്കിടയിൽ സ്വത്ത് തർക്കവും ഉണ്ടായിരുന്നു. കമൽ സിങ് ജ​ഗത്പുരിയിൽ പുതിയ വസ്തു വാങ്ങാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ, ഭാര്യ ഇതിൽ പങ്ക് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും വെബ് സീരിസുകൾ കണ്ടാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ജൂലായ് 30-ന് ഉച്ചയോടെയാണ് വീട്ടിൽവെച്ച് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്. ഈ സമയം ദമ്പതിമാരുടെ മകൻ ലൈബ്രറിയിൽ പോയതായിരുന്നു. മകൾ ജോലിക്കും പോയി. തുടർന്ന് വീട്ടുജോലിക്കാരിയും ജോലി കഴിഞ്ഞ് മടങ്ങിയതിന് ശേഷമാണ് പ്രതി ഭാര്യയെ ലക്ഷ്യമിട്ടത്.

സംഭവസമയം കോമൾ സിങ് ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുകയായിരുന്നു. ഇതിനിടെയാണ് പ്രതി പിന്നിലൂടെയെത്തി വാൾ കൊണ്ട് ഭാര്യയുടെ തലയിൽ വെട്ടിയത്. കാര്യമായ പരിക്കേൽക്കാത്തതിനാൽ കോമൾസിങ് വെട്ടേറ്റ് വീണില്ല. ഇവർ നിലവിളിച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടി. എന്നാൽ, പ്രതിയും ഇവരെ പിന്തുടർന്നു. തുടർന്ന് വീട്ടിലെ ഹാളിൽവെച്ച് ഭാര്യയെ മുടിയിൽ കുത്തിപിടിച്ച് വലിച്ചിഴക്കുകയും പിന്നാലെ കത്രിക ഉപയോ​ഗിച്ച് നിരന്തരം കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു. ഈ സമയത്തെല്ലാം കോമൾസിങ് പ്രാണരക്ഷാർഥം നിലവിളിച്ചിരുന്നു. അയൽക്കാരും സമീപത്തുള്ള കമൽസിങ്ങിന്റെ മാതാപിതാക്കളും കോമൾസിങ്ങിന്റെ കരച്ചിലും നിലവിളിയും കേട്ടെങ്കിലും കുടുംബപ്രശ്നമാണെന്ന് കരുതി ഇടപെട്ടില്ല. എന്നാൽ, വൈകാതെ തന്നെ കോമൾസിങ് ചോരവാർന്ന് മരിച്ചു.

ഭാര്യ മരിച്ചെന്ന് ഉറപ്പിച്ചതോടെ കമൽസിങ് രക്തംപുരണ്ട വസ്ത്രവും ആക്രമണത്തിന് ഉപയോ​ഗിച്ച വാളും ഒരു ബാ​ഗിലാക്കി. തുടർന്ന് കുളിച്ച് പുതിയ വസ്ത്രം ധരിച്ചു. 15 മിനിറ്റോളമാണ് കുളി നീണ്ടുനിന്നത്. ഇതിനുശേഷം പ്രതി സ്കൂട്ടറിൽ ബാ​ഗുമായി കടന്നുകളയുകയായിരുന്നു. പോകുന്നതിന് മുൻപ് ഭാര്യയുടെ മുറിയിലുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയും പ്രതി കൈക്കലാക്കി. ഇതിനുപുറമേ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽനിന്നായി ഏഴുലക്ഷം രൂപയും പിൻവലിച്ചു. മൊത്തത്തിൽ 12.75 ലക്ഷം രൂപയുമാണ് പ്രതി മുങ്ങിയത്.

കൊലപാതകം നടന്ന് ഏറെനേരം കഴിഞ്ഞശേഷമാണ് ഇതെല്ലാം പുറംലോകമറിഞ്ഞത്. ലൈബ്രറിയിൽ പോയ ദമ്പതിമാരുടെ മകൻ പലതവണ അമ്മയെ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. രാത്രി 9.15-ഓടെ മകൻ വീട്ടിലെത്തിയപ്പോഴാണ് ചോരയിൽ കുളിച്ചനിലയിൽ അമ്മയുടെ മൃതദേഹം കണ്ടത്. കൊല്ലാൻ ഉപയോ​ഗിച്ച കത്രികയും മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു. ഇതോടെ മകൻ മറ്റുള്ളവരെയും പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് കമൽ സിങ് മുങ്ങിയതാണെന്നും ഇയാളാണ് കൃത്യം നടത്തിയതെന്നും സ്ഥിരീകരിച്ചത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽഫോൺ ടവർ ലൊക്കേഷൻ വിവരങ്ങൾ ശേഖരിച്ചും പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ​ഗോരഖ്പുരിൽ എത്തിയതായി കണ്ടെത്തി. ​ഗോരഖ്പുരിൽവെച്ച് പ്രതി മൊബൈൽഫോൺ ഓൺ ചെയ്തതാണ് വഴിത്തിരിവായത്. ഇതോടെ ​ഗോരഖ്പുരിൽനിന്ന് നേപ്പാളിലേക്ക് കടക്കാനാണ് പ്രതി പദ്ധതിയിടുന്നതെന്ന് പൊലീസ് കരുതി. എന്നാൽ, പൊലീസിനെ കബളിപ്പിക്കാനായി പ്രതി ​ഗോരഖ്പുരിൽനിന്ന് മഥുരയിലേക്കാണ് പോയത്. തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മഥുര റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും പ്രതിയെ പിടികൂടിയത്. പ്രതിയുടെ സ്കൂട്ടറും ഇയാൾ വീട്ടിൽനിന്ന് കവർന്ന പണവും പൊലീസ് കണ്ടെടുത്തു.

കൊലപാതകം ആസൂത്രണംചെയ്തതും തെളിവ് നശിപ്പിച്ചതുമെല്ലാം വെബ് സീരീസ് കണ്ടാണെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. വെബ്സീരീസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കേസിലെ തെളിവുകൾ ദുർബലപ്പെടുത്താനായി വസ്ത്രവും വാളുമെല്ലാം അടങ്ങിയ ബാ​ഗ് യാത്രയ്ക്കിടെ ഉപേക്ഷിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ഒരുവർഷത്തിലേറെയായി കമൽ സിങ്ങും ഭാര്യ കോമൾസിങ്ങും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇവരുടെ ദാമ്പത്യജീവിതവും കലഹങ്ങൾ നിറഞ്ഞതായിരുന്നു. ഇതോടെ ഒരേവീട്ടിൽ വ്യത്യസ്ത മുറികളിലായാണ് രണ്ടുപേരും താമസിച്ചിരുന്നത്. ബില്ലുകളും മറ്റു ചെലവുകളുമെല്ലാം രണ്ടുപേരും വ്യത്യസ്തമായാണ് അടച്ചിരുന്നത്. അടുത്തിടെ മുംബൈ യാത്രയ്ക്കിടെ ടെക്കിയായ കമൽ സിങ് മറ്റൊരു സ്ത്രീയുമായി സൗ​ഹൃദത്തിലായി. ഈ സൗഹൃദം ഭാര്യ അറിഞ്ഞതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായെന്നും എന്നാൽ, ​ജ​ഗ്തപുരിയിലെ വസ്തുവിനെച്ചൊല്ലിയുണ്ടായ തർക്കമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button