Uncategorized

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് ആരോപണത്തിൽ കണക്കുകൾ നിരത്തി CPIM; വി കുഞ്ഞികൃഷ്ണന് ടി ഐ മധുസൂദനൻ്റെ വക്കീൽ നോട്ടീസ്

കണ്ണൂർ: പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണത്തില്‍ കണക്ക് പറഞ്ഞ് സിപിഐഎം. തെരഞ്ഞെടുപ്പ്, രക്തസാക്ഷി ഓഫീസ് നിര്‍മാണ ഫണ്ട് എന്നിവയുടെ കണക്ക് വ്യക്തമാക്കി വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ടി ഐ മധുസൂദനന്‍. മാനഹാനിക്ക് നഷ്ടപരിഹാരം വേണമെന്നും ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകം പിന്‍വലിക്കണമെന്നും മധുസൂദനന്‍ ആവശ്യപ്പെട്ടു. വി കുഞ്ഞികൃഷ്ണന് ലഭിച്ച വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

വി കുഞ്ഞികൃഷ്ണന്റേത് കള്ളക്കണക്കെന്നാണ് ടി ഐ മധുസൂദനന്റെ വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നത്. മൂന്ന് ഫണ്ട് വിവാദത്തിലാണ് ടി ഐ മധുസൂദനന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ഇതില്‍ പ്രധാനമായി പറയുന്നത് നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരില്‍ വി കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചാണ്.

ഫണ്ട് തിരിമറി നടത്താന്‍ താന്‍ വ്യാജ റസീപ്റ്റ് ബുക്കുകള്‍ നല്‍കിയെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് മധുസൂദനന്‍ ചോദിച്ചു.
28 വ്യാജ റസീപ്റ്റുകള്‍ താന്‍ നല്‍കിയെന്ന് വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചതിലും നോട്ടീസിൽ ചോദ്യം ഉന്നയിക്കുന്നുണ്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് കഞ്ഞികൃഷ്ണന്‍ ഉന്നയിച്ചതെന്നും നോട്ടീസില്‍ പറയുന്നു. ‘രസീത് ആരോപണം തികച്ചും കളവാണ്. 28 പേരില്‍ നിന്നും പിരിച്ച ഫണ്ടില്‍ 8 പേരുടെ ഫണ്ട് അപഹരിച്ചു എന്ന നിഗമനത്തില്‍ എങ്ങനെ എത്തി. 27, 28 രസീതുകൾ റിയല്‍ എസ്റ്റേറ്റുകാരന്‍ പിരിച്ചതാണെന്ന ആരോപണം കളവാണ്. രസീത് അച്ചടിയും വിതരണവും സ്ഥാനാര്‍ഥിക്ക് അറിവുള്ളതല്ല.സ്ഥാനാര്‍ഥി ഒറ്റയ്ക്ക് ഫണ്ട് പിരിച്ചുവെന്നത് കളവാണ്’; എന്നും വക്കീല്‍ നോട്ടീസിൽ പറയുന്നു.

രക്തസാക്ഷി ഫണ്ട് ആരോപണത്തിലും കുഞ്ഞികൃഷ്ണനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. രക്തസാക്ഷി ഫണ്ട് വരവ്ചെലവ് കണക്കുകള്‍ വ്യക്തമായി നിരത്തി കൊണ്ടാണ് മധുസൂദനന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. ഫണ്ട് വിവാദത്തില്‍ കണക്കുകള്‍ പൊതുജനമധ്യേ വെളിപ്പെടുത്താന്‍ മടിയില്ലെന്ന് സിപിഐഎം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എല്ലാ വരവ്-ചെലവ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പൂര്‍ണമായും പിന്‍വലിച്ച് മാപ്പ് പറയണം, പുസ്തകത്തിലെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടിക്ക് നഷ്ടപരിഹാരം നല്‍കണം എന്നും നോട്ടീസില്‍ ആവശ്യമുണ്ട്. ഒരു കോടി രൂപയാണ് നഷ്ടപരിഹാര തുകയായി ആവശ്യപ്പെട്ടത്.

എന്നാല്‍ ടി ഐ മധുസൂദനന്‍ അയച്ച വക്കീല്‍ നോട്ടീസിന് കുഞ്ഞികൃഷ്ണന്‍ ഇന്നലെ തന്നെ മറുപടി നല്‍കി. ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും വസ്തുതാപരമായ കാര്യങ്ങളാണ് ഉന്നയിച്ചിതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പുസ്തകം പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button