ഗുരുവായൂർ ദേവസ്വം സാമ്പത്തിക ഇടപാടുകൾ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ പരാതികളിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് കോടതി പരിഗണിക്കും. വരവ്-ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും.
ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി, കുങ്കുമപ്പൂവ് തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും, കഴിഞ്ഞ 43 വർഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക പരിശോധന നടത്തിയിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഈ വിഷയത്തിൽ നിലവിലുള്ള സാഹചര്യം നേരിട്ട് ഹാജരായി വിശദീകരിക്കാൻ സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയർ ഡെപ്യൂട്ടി ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകൾ ദേവസ്വം ബോർഡ് തള്ളിക്കളഞ്ഞിരുന്നു. ഒരു തരി സ്വർണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബോർഡിന്റെ ഔദ്യോഗിക നിലപാട്.




