‘നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് നൽകണം’: ആവശ്യമുന്നയിച്ച് ടിവികെ

ചെന്നൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ സമരം ശക്തമാക്കിയിരിക്കെ, നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഭരണകക്ഷിയായ ടിവികെ. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് നൽകണമെന്നും ടിവികെ ആവശ്യപ്പെട്ടു.ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പൂർണമായും റദ്ദാക്കണമെന്നും കേന്ദ്രീകൃത പ്രവേശന സമ്പ്രദായം തന്നെ പ്രശ്‌നമാണെന്നും ടിവികെ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ നിയന്ത്രണം കേന്ദ്ര സർക്കാരിന് പകരം സംസ്ഥാനങ്ങൾക്ക് കൈമാറണം. എംബിബിഎസ് ഉൾപ്പെടെയുള്ള മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന നയം സംസ്ഥാനങ്ങൾക്ക് തന്നെ തീരുമാനിക്കാനുള്ള അധികാരം വേണമെന്നും ടിവികെ ആവശ്യപ്പെടുന്നുവിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ അധികാരപരിധിയിലാകണമെന്ന നിലപാട് പാർട്ടി ആവർത്തിച്ചു. വിദ്യാഭ്യാസത്തെ പാർലമെന്റിനും സംസ്ഥാനങ്ങൾക്കും അധികാരമുള്ള കൺകറന്റ് ലിസ്റ്റിൽ നിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണം. ഇതിന് നിയമപരമായ തടസങ്ങളുണ്ടെങ്കിൽ ഇടക്കാലത്തേക്ക് സ്പെഷൽ കൺകറന്റ് ലിസ്റ്റ് സൃഷ്ടിക്കണമെന്നും ടിവികെ ആവശ്യപ്പെട്ടു.പ്രതിപക്ഷമായ ഡിഎംകെയെ പ്രസ്താവനയിൽ പേര് പരാമർശിക്കാതെ ടിവികെ വിമർശിച്ചു. ‘ഞങ്ങൾ നീറ്റ് റദ്ദാക്കും’ എന്നതുപോലുള്ള വ്യാജ വാഗ്ദാനങ്ങൾ നൽകി വോട്ട് നേടുന്ന വഞ്ചനാപരമായ രാഷ്ട്രീയം ഒരിക്കലും സ്വീകരിക്കില്ലെന്ന് പാർട്ടി വ്യക്തമാക്കി. അധികാരത്തിലെത്തിയാൽ നീറ്റ് റദ്ദാക്കുമെന്ന് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ വാഗ്ദാനം ചെയ്‌തിരുന്നു. ഇതിനെയാണ് പരോക്ഷമായി ടിവികെ വിമർശിച്ചത്.




