Uncategorized
കാസർകോട് പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

കാസർകോട് ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് ഫാക്‌ടറിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ വൻ തീപിടിത്തമുണ്ടായി. പ്ലാസ്റ്റിക് ഗ്രാന്യൂൾസ് നിർമ്മിക്കുന്നതിനായി അവ തരംതിരിച്ചു സൂക്ഷിച്ചിരുന്ന യൂണിറ്റിലാണ് തീ പടർന്നത്. വിവരമറിഞ്ഞ ഉടൻ കാസർകോട്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഫാക്ടറിക്കുള്ളിലൂടെ രണ്ട് മീറ്റർ ആഴത്തിൽ ഗെയിൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്നത് ആദ്യം ആശങ്ക പരത്തിയിരുന്നുവെങ്കിലും, തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയ ശേഷം ഉദ്യോഗസ്ഥർ പൈപ്പ് ലൈനിൻ്റെ സുരക്ഷ പരിശോധിച്ചു. വലിയ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് അധികൃതരും നാട്ടുകാരും.




