സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം; അധിക വൈദ്യുതി എത്തിക്കാന്‍ ഇടപെടാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുണ്ടാകുന്നില്ലെന്ന് വിമര്‍ശനം. അധിക വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകും. എന്നാല്‍ അങ്ങനെ ഒരു ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നില്ലെന്നാണ് വിമര്‍ശനം. കര്‍ണാടക, ഛത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അധിക വൈദ്യുതിയുണ്ട്. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ 423 കോടിയുടെ വൈദ്യുതിയാണ് കര്‍ണാടക വിറ്റത്. ഏകദേശം 600 മെഗാവാട്ട് വരുമിത്. കര്‍ണാടകയിലും കേരളത്തിലും കോണ്‍ഗ്രസാണ് ഭരിക്കുന്നത്. എന്നിട്ടും മന്ത്രിതല ഇടപെടല്‍ ഉണ്ടാകുന്നില്ലേ എന്നാണ് ഉയര്‍ന്നിരിക്കുന്ന ചോദ്യം.കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. ഇതിനിടയിലും സര്‍ക്കാരിന്റെ ഇടപെടല്‍ കൃത്യമല്ലെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയില്‍ വൈദ്യുതി പുറത്ത് വില്‍ക്കുന്നത് അറിഞ്ഞില്ലേ എന്നാണ് ചോദ്യം. മുന്‍ കാലങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയത് താല്‍ക്കാലിക ആശ്വാസമായിരുന്നു. എന്നാല്‍ ഇത്തവണ അത്തരത്തില്‍ ഒരു ഇടപെടലും നടക്കുന്നില്ല. മുന്‍ കാലങ്ങളില്‍ വാങ്ങിയ വൈദ്യുതി തിരിച്ച് കൊടുത്തുകൊണ്ട് ഇരിക്കുകയാണ് എന്നായിരുന്നു അടുത്തിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അങ്ങനെ വൈദ്യുതി നല്കുമ്പോഴും വില്‍പ്പന നടത്തുന്ന സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ഇടപെടല്‍ നടക്കുന്നില്ല. നിലവില്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുന്നത്. അത്തരത്തില്‍ ഉദ്യോഗസ്ഥ തല ഇടപെടല്‍ കൊണ്ട് മാത്രം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകില്ല. രാഷ്ട്രീയപരമായും മന്ത്രിതലത്തിലും ഇടപെടല്‍ നടത്തിയാല്‍ വൈദ്യുതി എളുപ്പത്തില്‍ സംസ്ഥാനത്തില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. എന്നാൽ അങ്ങനെ ഒരു ഇടപെടല്‍ ഉണ്ടാകുന്നില്ല.
സാധാരണ നിലയില്‍ സംസ്ഥാനം വൈദ്യുതി വാങ്ങുന്നത് അഞ്ച് വഴികളിലൂടെയാണ്. കേന്ദ്ര നിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് അതില്‍ ഒന്ന്. ദീര്‍ഘകാല കരാര്‍ (വര്‍ഷങ്ങളോളം നീളുന്ന കരാര്‍), ഹ്രസ്വകാല കരാര്‍ (ഡീപ് പോര്‍ട്ട് വഴി), പവര്‍ എക്സ്ചേഞ്ച്, മറ്റ് സംസ്ഥാനങ്ങളുമായുള്ള ബാങ്കിംഗ് കരാര്‍ എന്നിങ്ങനെയാണ് മറ്റ് വഴികള്‍. ഇതിനെല്ലാം റെഗുലേറ്ററി കമ്മീഷന്റെ അനുമതി വേണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭിക്കുക ഡീപ് പോര്‍ട്ടര്‍ വഴിയോ ബാങ്കിംഗ് വഴിയോ ആണ്. എന്നാല്‍ ഇതിന് സംസ്ഥാനം കരാറില്‍ ഏര്‍പ്പെടണം. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് അത്തരത്തില്‍ ഒരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും വിമര്‍ശനമുണ്ട്.




