Uncategorized

16 വര്‍ഷമായിട്ടും രേഖകള്‍ കൈമാറാതെ സര്‍ക്കാര്‍; ദുരിതത്തിലായി കാസര്‍ഗോഡ് സുനാമി ഫ്ലാറ്റിലെ മത്സ്യത്തൊഴിലാളികള്‍

കാസർഗോഡ്: ബിരന്ത് ബയലിൽ മത്സ്യതൊഴിലാളികൾക്ക് സർക്കാർ നൽകിയ സുനാമി ഫ്ലാറ്റിന് 16 വർഷമായിട്ടും രേഖകൾ കൈമാറാതെ സർക്കാർ. താമസ സ്ഥലത്തിൻ്റെ രേഖകൾ ഇല്ലാത്തതിനാൽ 65 മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് വായ്പ്പ പോലും ലഭിക്കുന്നില്ല. വർഷങ്ങൾ പഴക്കമുള്ള കെട്ടിടം അറ്റകുറ്റപണി ചെയ്യാൻ പോലുമാകാതെ മത്സ്യ തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിലാണ്. ഫ്ലാറ്റുകളിലെ റൂമുകൾ ചോർന്നൊലിച്ച് പൊട്ടി പൊളിഞ്ഞ നിലയിലും. രേഖ കൈമാറുന്നതിലെ സാങ്കേതിക തടസം പരിശോധിച്ചു പരിഹരിക്കുമെന്നാണ് ജില്ലാ കളക്ടർ വ്യക്തമാക്കുന്നത്.

2009ലെ സുനാമിയില്‍ തകർന്ന കാസർഗോഡ് നെല്ലിക്കുന്നിലെ 60 ലധികം മത്സ്യ തൊഴിലാളിക്കുടുംബങ്ങളെയാണ് 16 വർഷം മുൻപ് ബിരുന്ത് ബയലിൽ ഫ്ലാറ്റ് നിർമ്മിച്ച് മാറ്റി പാർപ്പിച്ചത്. കടലോരത്തിൻ്റെ വിശാലതയിൽ നിന്ന് ഫ്ലാറ്റു മുറിയുടെ കുടുസ് ജീവിതം നിവൃത്തി കേട് കൊണ്ട് മാത്രമായിരുന്നു ആ മത്സ്യത്തൊഴിലാളി കുടുംബങ്ങല്‍ സ്വീകരിച്ചത്. കേറി കിടക്കാൻ ഇടമില്ലാത്ത വിധം കിടപ്പാടവും സമ്പാദ്യങ്ങളും നഷ്‌ടപ്പെട്ട മനുഷ്യർ, വർഷങ്ങൾക്ക് ശേഷം അസൗകര്യങ്ങൾ നിറഞ്ഞ ജീവിതത്തിലാണ്. പൊട്ടി പൊളിഞ്ഞ് ,ചേർന്നൊലിക്കുന്ന മേൽകൂരകൾ, ഫ്ലാറ്റ് സമുച്ചയങ്ങളുടെ പൊതുവിടത്തിലേക്ക് പരന്നൊഴുക്കുന്ന മലിനജലവും കക്കൂസ് മാലിന്യവും നിറഞ്ഞ ദുസഹമായ ജീവിതപരിസരത്ത് ആ മനുഷ്യർ ഇന്ന് ജീവിക്കുന്നത്.
പല ഫ്ലാറ്റുകളും ചേർന്നൊലിച്ച് ഏതുസമയവും പൊളിഞ്ഞുവീഴുന്ന അവസ്ഥയിലാണ്. പലരുടെയും വീടുകളിലെ ഇലക്ട്രിക്ക് വയറിംഗുകളും സ്വിച്ച് ബോർഡുകളും പൊട്ടി പൊളിഞ്ഞ് കിടപ്പാണ്. മഴനനഞ്ഞ ചുമരുകളിൽ നിന്ന് പലപ്പോഴും താമസക്കാർക്ക് ഷോക്കേല്ക്കുന്നതും പതിവാണ്. വീടുകളിലെ പുരുഷന്മാർ കടലിൽ പോകുമ്പോൾ ടൗണിലെ കടകളിലും മറ്റും പണിക്കുപോകുകയാണ് സ്ത്രീകൾ. കുട്ടികൾക്ക് പഠിക്കാനോ ഒത്തുചേരാനോ ഒരു പൊതുവിടം പോലും ഇവിടെയില്ല. ഫ്ലാറ്റുകളുടെ ഉടമസ്ഥാവകാശത്തിന് ഒരു രേഖ പോലും വർഷങ്ങളായിട്ടും ഇവരുടെ കൈയ്യിലില്ല. അതുകൊണ്ട് അറ്റകുറ്റപ്പണികൾക്ക് പണം വായ്പയെടുക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് ഈ മനുഷ്യർ.

കടൽ ബാക്കിവെച്ച ജീവിതം കൊണ്ടാണ് ഉയിരു കയ്യിൽ പിടിച്ച് എങ്ങോട്ടെന്നില്ലാതെ ഓടിയ ഈ കുടുംബങ്ങള്‍ സർക്കാർ നൽകിയ ഇടുങ്ങിയ ഫ്ലാറ്റുകളിൽ താമസമുറിപ്പിച്ചത്. സർക്കാർ നൽകാമെന്ന് പറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ പലതും പാതിവഴിക്ക് നിലച്ചു. അറ്റകുറ്റപ്പണി എങ്കിലും എടുക്കാതെ ഈ ഫ്ലാറ്റുകളിലെ ജീവിതം അത്യന്തം അപകടകരമാണ്. അടിയന്തരമായി ഇടപെടുമെന്ന് കളക്ടർ പറയുമ്പോഴും എന്താണ് പരിഹാരം എന്ന കാര്യത്തിൽ മാത്രം ഇപ്പോഴും വ്യക്തതയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button