Uncategorized

വി എസ് പാർട്ടിയിലെ ഒറ്റുകാരെയും വർഗവഞ്ചകരേയും വെറുതെ വിടില്ലായിരുന്നു;ജി സുധാകരനെതിരെ ഒളിയമ്പുമായി സജി ചെറിയാൻ

ആലപ്പുഴ: എംഎല്‍എ ജി സുധാകരനെതിരെ ഒളിയമ്പുമായി സജി ചെറിയാന്‍. വി എസ് ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിയിലെ ഒറ്റുകാരെ വളരാന്‍ അനുവദിക്കില്ലെന്നായിരുന്നു അനുസ്മരണ പ്രസംഗത്തിലെ പരാമര്‍ശം. വി എസ് ഒറ്റുകാരെയും വര്‍ഗവഞ്ചകരേയും വെറുതെ വിടില്ലായിരുന്നു. തിരിച്ചടികള്‍ മാറ്റി പാര്‍ട്ടി ആലപ്പുഴയില്‍ തിരിച്ചുവരുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

‘ഈ പാര്‍ട്ടിയെ ഒറ്റുകൊടുക്കാന്‍ വേണ്ടി നില്‍ക്കുന്ന എല്ലാ വഞ്ചകന്മാരുടേയും മുഖത്തുനോക്കി ധിക്കാരത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയുന്ന വി എസിന്റെ അഭാവം കേരളത്തിലെ പാര്‍ട്ടിക്ക് ഇന്ന് ഉണ്ട്. വഞ്ചകരെയും ഒറ്റുകാരെയും ചൂണ്ടിക്കാട്ടി തൊഴിലാളി പ്രസ്ഥാനത്തെ ഏകോപിപ്പിക്കാന്‍ സഖാവ് വി എസ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ആലപ്പുഴയുടെ മണ്ണില്‍ എന്തെങ്കിലും കുറവ് സംഭവിച്ചാല്‍ ഇരട്ടിശക്തിയോടെ തിരിച്ചുവരാന്‍ പ്രതിജ്ഞയെടുക്കുന്ന ദിനമാണ് ഈദിനം’, സജി ചെറിയാന്‍ പറഞ്ഞു. വലിയ ചുടുകാട്ടിലെ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.

പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടില്‍ നിര്‍മ്മിച്ച വി എസ് സ്മാരകം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നാടിന് സമര്‍പ്പിച്ചു. വൈകീട്ട് അഞ്ചിന് ചേരുന്ന അനുസ്മരണ പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിഎസ് അച്യുതാനന്ദന്‍ എന്ന പേര് ഒരു വ്യക്തിയുടേതല്ല, മറിച്ച് ഒരു കാലഘട്ടത്തിന്റെയാകെ പ്രതിരൂപമാണെന്ന് പിണറായി വിജയന്‍ അനുസ്മരിച്ചു.

മതനിരപേക്ഷ കേരളത്തിന്റെ ശക്തനായ വക്താവായ വിഎസ്, ജനകീയ വിഷയങ്ങളില്‍ നിയമസഭയിലും തെരുവിലും ഒരേസമയം തീര്‍ത്ത പ്രതിരോധം കേരള ചരിത്രത്തിന്റെ ഭാഗമാണ്. നാടിന്റെ പൊതുസമ്പത്തും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതില്‍ നിതാന്ത ജാഗ്രതയായിരുന്നു അദ്ദേഹം പുലര്‍ത്തിയതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button