Uncategorized

പ്ലീഡര്‍ നിയമന വിവാദം: കെഎസ്‌യുവിനെ പാടെ അവഗണിച്ച് മുഖ്യമന്ത്രി, കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല

തിരുവനന്തപുരം: പ്ലീഡര്‍ നിയമനവിവാദത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കാതെ മുഖ്യമന്ത്രി വിഡി സതീശന്‍. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിലെ കെഎഎസ്‌യു പ്രതിഷേധത്തെ തള്ളിയ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെയാണ് പരാതി അറിയിക്കാന്‍ അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ചക്ക് അനുമതി തേടിയത്. എന്നാല്‍ അനുമതി നിഷേധിക്കുകയായിരുന്നു.

പരാമര്‍ശം പിന്‍വലിക്കണമെന്നും പ്ലീഡറായി എസ്എഫ്‌ഐ നേതാവിനെ നിയമിച്ച തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെടാന്‍ കെഎസ്‌യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യുവിന് എന്തു കാര്യം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. വി ഡി സതീശന്റെ പരിഹാസത്തിനെതിരെ കെഎസ്‌യു സംസ്ഥാന ഭാരവാഹികളുള്‍പ്പെടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനകത്തും അതൃപ്തിയുണ്ട്.

അതേസമയം കെഎസ്‌യുവിനെതിരായ വിമര്‍ശനത്തില്‍ വി ഡി സതീശനെ പിന്തുണച്ച് കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രംഗത്തെത്തി. കെഎസ്‌യു നേതാക്കളുടെ നിലപാട് അരോചകമെന്നും കുത്തിത്തിരുപ്പുകളുടെ അംബാസഡര്‍മാരായി മാറുന്നുവെന്നും നിജേഷ് വിമര്‍ശിച്ചു.ഗവണ്‍മെന്റ് പ്ലീഡര്‍ നിയമന വിവാദത്തില്‍ സംഘപരിവാറിന് വേണ്ടിയാണ് മുഖ്യമന്ത്രി കെഎസ്‌യുവിനെ അപമാനിച്ചതെന്നാണ് എസ്എഫ്‌ഐയുടെ പ്രതികരണം. സംഘപരിവാറുകാരനെ നിയമിച്ചതില്‍ കെഎസ്‌യുവിന് എന്ത് കാര്യമെന്ന് ചോദിച്ച മുഖ്യമന്ത്രി നാളെ യൂത്ത് കോണ്‍ഗ്രസിന് എന്ത് കാര്യമെന്ന് ചോദിക്കും. മറ്റന്നാള്‍ കെപിസിസിക്ക് എന്ത് കാര്യം എന്ന ചോദ്യം വരും. പിന്നീട് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഖര്‍ഗേയ്ക്കും എന്ത് കാര്യം എന്ന് ചോദിക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പരിഹസിച്ചു.

ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെഎസ്‌യുവിന് എതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍ രംഗത്തെത്തിയത്. ഗവ. പ്ലീഡറായി സജീവ ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയെ നിയമിച്ചതിലെ കെഎസ്‌യു വിമര്‍ശനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു വിമര്‍ശനം. തിരുവനന്തപുരത്തെ കെഎസ്‌യുവാണോ ഗവ. പ്ലീഡറെ നിയമിക്കുന്നത് എന്നായിരുന്നു സതീശന്‍ ചോദിച്ചത്. കെഎസ്‌യുവിന് ഗവ. പ്ലീഡര്‍ നിയമനത്തില്‍ എന്ത് കാര്യമെന്ന് ചോദിച്ച സതീശന്‍, ഒരു കാര്യവുമില്ലെന്നും പറഞ്ഞിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ ഡി എസ് ശരത്തിനെ സീനിയര്‍ ഗവ.പ്ലീഡറായി നിയമിച്ചതായിരുന്നു വിവാദമായത്. പ്ലീഡര്‍ നിയമനത്തില്‍ തിരുവനന്തപുരം ലോ കോളേജിലെ കെഎസ്‌യു മുന്‍ യൂണിറ്റ് പ്രസിഡന്റുമാര്‍ ആശങ്ക അറിയിച്ചിരുന്നു. വി ഡി സതീശന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ശരത്തിന്റെ നിയമനം. ഇതിന് പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗം ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button