ക്ഷേത്ര ദർശനത്തിനിടെ കുരങ്ങുകൾക്ക് പഴം നൽകാൻ ശ്രമം; കുരങ്ങന്മാർ വളഞ്ഞതോടെ കാലിടറി താഴേക്ക്, യുവതിയ്ക്ക് ദാരുണാന്ത്യം

കുരങ്ങുകളുടെ ആക്രമണത്തെത്തുടർന്ന് മലമുകളിൽ നിന്ന് താഴേക്ക് വീണ് യുവതി മരിച്ചു. തൂത്തുക്കുടിയിലെ സൗത്ത് തിട്ടൻകുളം പ്രദേശത്തെ അനിത (24) എന്ന യുവതിയാണ് മരിച്ചത്. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതി ആണ് ഒരു കൂട്ടം കുരങ്ങുകൾ വളഞ്ഞതിനെ തുടർന്ന് പരിഭ്രാന്തയായി ഓടുന്നതിനിടെ കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് കാലിടറി താഴേക്ക് വീണത്.കഴിഞ്ഞ മാസമാണ് 29 കാരനായ സുരേഷിനെ അനിത വിവാഹം കഴിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന സുരേഷ് അടുത്തിടെ നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ദമ്പതികൾ കഴുഗുമലയിലെ കലുഗസാലമൂർത്തി ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി പോയപ്പോഴാണ് ദാരുണമായ സംഭവം നടത്തത്.
പ്രധാന ക്ഷേത്രത്തിൽ ആരാധന നടത്തിയ ശേഷം ദമ്പതികൾ കുന്നിൻ മുകളിലുള്ള ഉച്ചിപ്പിള്ളയർ ക്ഷേത്രത്തിലേക്ക് കയറി. ദമ്പതികൾ കുരങ്ങുകൾക്ക് പഴങ്ങൾ കൊടുക്കുന്നതിനിടെ പെട്ടെന്ന് കൂടുതൽ കുരങ്ങുകൾ കൂട്ടത്തോടെ എത്തുകയും ദമ്പതികളെ വളയുകയുമായിരുന്നു. കുരങ്ങുകൾ അക്രമാസക്തരായതോടെ ഭയന്നോടിയ അനിത നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് നോക്കിനിൽക്കെയായിരുന്നു ദുരന്തം.കഴുഗുമലയിൽ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. വീഴ്ചയ്ക്ക് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും ക്ഷേത്രപരിസരങ്ങളിലും കാണുന്ന കുരങ്ങുകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് ഒരു കാരണവശാലും ഭക്ഷണസാധനങ്ങൾ നൽകരുത് എന്നും ഇത് അവയുടെ സ്വാഭാവിക സ്വഭാവത്തെ മാറ്റുകയും മനുഷ്യർക്ക് നേരെ തിരിയാൻ കാരണമാകുകയും ചെയ്യും എന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.




