ക്രൂഡ് വിലയിൽ ഇടിവ്: കമ്പനികളുടെ ലാഭം യുദ്ധത്തിന് മുൻപുള്ള നിലയിൽ, പെട്രോൾ വില കുറയുമോ?

മുംബൈ: ഇന്ത്യൻ എണ്ണവിതരണക്കമ്പനികൾക്ക് പെട്രോളും ഡീസലും വിൽക്കുന്നതിലൂടെയുള്ള ലാഭം ഇറാൻ യുദ്ധത്തിനുമുൻപുള്ള നിലയിലേക്കെത്തുന്നതായി റിപ്പോർട്ട്, അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതോടെയാണിത്. അതേസമയം, കമ്പനികളുടെ കടബാധ്യതയിൽ വർധനയുണ്ടായതായി ജെ.പി. മോർഗന്റെ വിശകലനറിപ്പോർട്ടിൽ പറയുന്നു.
പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയതോടെയാണ് അസംസത എണ്ണവില കുതിച്ചുയർന്നത്. എന്നാൽ, ഇന്ത്യയിൽ പെട്രോളിൻ്റെയും ഡീസലിന്റെയും ചില്ലറവില കൂടുതൽക്കാലം വർധിപ്പിക്കാതെ നിർത്തിയതാണ് കമ്പനികൾക്കു ബാധ്യതയായത്. ഈ ബാധ്യത പരിഹരിക്കുന്നരീതിയിൽ വിലവർധിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയ്ക്കടുത്താണ് മേയിൽ വർധന വരുത്തിയത്.യുദ്ധം തുടങ്ങി ആദ്യനാളുകളിൽ അന്താരാഷ്ട്രവിപണിയിൽ എണ്ണവില 120 ഡോളർ വരെയെത്തിയിരുന്നു. ചൊവ്വാഴ്ച അന്ത, രാഷ്ട്രവിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 77.5 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യ വാങ്ങുന്ന എണ്ണയുടെ വിലയും താഴ്ന്നു. ജൂണിലെ ശരാശരിവില ബാരലിന് 89 ഡോളറാണ്. ജൂൺ 19-ന് 78 ഡോളർ നിരക്കിലാണ് ഇന്ത്യ എണ്ണ വാങ്ങിയതെന്ന് പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ പറയുന്നു.




