തഹ്സീൻ്റെ ലോകകപ്പ് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം; ഖത്തർ ടീമിൻ്റെ ചരിത്രനേട്ടം ആഘോഷമാക്കി വളപട്ടണത്തുകാർ

കണ്ണൂർ: ഖത്തർ ദേശീയ ടീമിനൊപ്പം ലോകകപ്പിനെത്തിയ മലയാളി ഫുട്ബോളർ തഹ്സീൻ മുഹമ്മദ് ജംഷീദിൻ്റെ അരങ്ങേറ്റത്തിനായി കാത്തിരുന്നവർക്ക് മുന്നിൽ അവിശ്വസനീയ പ്രകടനം കാഴ്ചവച്ച് ഖത്തർ. തഹ്സീൻ മുഹമ്മദ് ആദ്യ ഇലവനിൽ താരം ഇടം പിടിക്കാതിരുന്നതോടെ പകരക്കാരുടെ കൂട്ടത്തിൽ താരത്തെ കാണാനായി കാത്തിരുന്ന മലയാളികൾക്ക് നിരാശയായിരുന്നു ഫലം. എന്നാൽ മത്സരത്തിലുടനീളവും ഇഞ്ച്വറി ടൈമിൽ പ്രത്യേകിച്ചും പുറത്തെടുത്ത പോരാട്ടവീര്യം ഖത്തർ-സ്വിറ്റ്‌സർലൻഡ് മാച്ചിനെ അവിസ്മരണീയമാക്കി മാറ്റി. തഹ്സീൻ മുഹമ്മദിൻ്റെ നാടായ കണ്ണൂരിലെ വളപട്ടണത്ത് മുന്നൂറിലേറെ കാണികളാണ് മത്സരം ലൈവായി കണ്ട് ഈ ലോകകപ്പ് മാച്ച് കാണൽ ഉത്സവമാക്കി മാറ്റിയത്.
മലബാറിലെ മംഗലപ്പുര കണക്കെയായിരുന്നു വളപട്ടണത്തെ ഈ കാത്തിരിപ്പും നാട്ടുകാരുടെ ആഘോഷങ്ങളും. മണവാട്ടിയെപ്പോലെ ആ വീടും പരിസരവും അണിഞ്ഞൊരുങ്ങിയിരുന്നു. പുയ്യാപ്ല ചേലിൽ സ്വന്തം ചെക്കൻ ലോക ഫുട്‌ബോളിൻ്റെ മണിയറയിലേക്ക് കാൽവെക്കുന്നത് കാത്തിരിപ്പിലായിരുന്നു വളപട്ടണം.
സാൻ്റാ ക്ലാരയിലെ സാൻഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ ഖത്തറിൻ്റേയും സ്വിറ്റ്സർലൻഡിൻ്റേയും നായകർ കൈ കൊടുക്കുമ്പോൾ ഇങ്ങ് വളപട്ടണത്ത് ഒപ്പന പാട്ടിന് പകരം കാണികളുടെ ആരവം താളമിട്ടു. ബിരിയാണി ചെമ്പിൻ്റെ ദം പൊട്ടിച്ച മണം പോലെ കാൽപന്ത് കളിയുടെ ആവേശം പരന്നൊഴുകി. പകരക്കാരുടെ ബെഞ്ചിലിരുന്ന തഹ്സീനെ സ്‌ക്രീനിൽ കണ്ടതോടെ അതിരില്ലാത്ത ആരവങ്ങളാണ് നാട്ടിൽ ഉയർന്നത്.
ആദ്യ ഇലവനിൽ പ്രിയപ്പെട്ട തഹ്സീനെ കാത്തിരുന്ന നാട്ടുകാർക്ക് വലിയ സ്‌ക്രീനിൽ അവനില്ലാത്ത നിരാശയുണ്ടായിരുന്നു. എങ്കിലും അവർ ക്ഷമയോടെ കാത്തിരുന്നു. മത്സരത്തിൽ എപ്പോഴെങ്കിലും സർപ്രൈസായി അവൻ്റെ വരവുണ്ടാകുമെന്ന കിനാവ് അവർ കൈവെടിഞ്ഞില്ല! അർജൻ്റീനയേയും ബ്രസീലിനേയും പോർച്ചുഗലിനേയും ജർമനിയേയും.. അങ്ങനെ സർവ്വ ടീമിനെയും നെഞ്ചിലേറ്റിയവർ ഈ 90 മിനുട്ട് ഖത്തറിനായി പ്രാർഥിച്ചു. അവരുടെ മുന്നേറ്റങ്ങൾക്കായി കൈയടിച്ചു.. അവരുടെ പിഴവുകളിൽ തലയിൽ കൈവച്ചു16ാം മിനിറ്റിൽ സ്വിസ് ടീമിന് അനൂകൂലമായൊരു പെനാൽറ്റി ലഭിച്ചതോടെ കാഴ്ചക്കാരിൽ ഗ്രഹണത്തിൻ്റെ നിശബ്ദത പരന്നു. എങ്കിലുമവർ കിനാവ് തുടർന്നു, രക്ഷകനായി തഹ്സിൻ ഇറങ്ങുമെന്ന്. പിന്നിലായി പോയ ആദ്യ പകുതിയിൽ ഖത്തർ കളം വിടുമ്പോഴും പ്രതീക്ഷകളുടെ അടുത്ത പകുതി ബാക്കി… 78ാം മിനുട്ടിലും 88ാം മിനിറ്റിലും സബ്സ്റ്റിറ്റ്യൂട്ട് ബോർഡ് ഉയർന്നപ്പോൾ നമ്പറുകളിലേക്ക് സൂക്ഷിച്ച് നോക്കി. പിന്നെയും കാത്തിരിപ്പും കളിയും.. എക്സ്ട്രാ ടൈമിൻ്റെ അവസാന മിനിറ്റിൽ ഖത്തർ ഗോളടിച്ചതോടെ സീൻ മാറി. നാട്ടുകാരൻ്റെ ടീമിനായി എങ്ങും ആർപ്പുവിളികൾ മുഴങ്ങി. ഇനി ആത്മവിശ്വാസത്തോടെ തഹ്സീൻ ഇറങ്ങുന്ന അടുത്ത കളിക്കായുള്ള കാത്തിരിപ്പ്.
കണ്ണൂർ സ്വദേശി തഹ്‌സിൻ മുഹമ്മദ് ജംഷീദാണ് ഖത്തർ ടീമിൻ്റെ 26 അംഗ സംഘത്തിലുള്ളത്. ഖത്തർ ലീഗിൽ അൽ ദുഹൈൽ താരമാണ് തഹ്‌സിൻ. സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് തഹ്‌സിൻ. ചെറുപ്രായത്തില്‍ തന്നെ ഖത്തറിലെ യൂത്ത് ടീമുകളുടെ ഭാഗമായിരുന്ന താരം ഇതിനോടകം ഖത്തർ ദേശീയ ടീമിനായി രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഖത്തറില്‍ ചീഫ് അക്കൗണ്ടന്‍റായ തലശേരി സ്വദേശി ഹിബാസില്‍ ജംഷീദിന്‍റേയും വളപട്ടണം സ്വദേശി ഷൈമയുടേയും രണ്ടാമത്തെ മകനാണ് തഹ്‌സിൻ. 2006ൽ ഖത്തറിലാണ് തഹ്‌സിൻ ജനിച്ചത്. ഖത്തറിലെ ആസ്പയർ ഫുട്ബോൾ അക്കാദമിയിൽ പരിശീലനം നേടിയ തഹ്‌സിൻ്റെ വളർച്ച അതിവേഗമായിരുന്നു. ഖത്തറിൻ്റെ അണ്ടർ 16, അണ്ടർ 17 ദേശീയ ടീമുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഈ ലെഫ്റ്റ് വിങ്ങർ 2024ലാണ് അൽ ദുഹൈലിലൂടെ ഖത്തർ സ്റ്റാർസ് ലീഗിൽ അരങ്ങേറ്റം നടത്തിയത്. അഫ്ഗാനിസ്ഥാന് എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് ഖത്തർ ദേശീയ ടീമിൽ തഹ്സിൻ എത്തിയത്.വേഗവും പന്തടക്കവും സ്ഥിരതയാർന്ന പ്രകടനവും കൊണ്ട് ഖത്തർ ദേശീയ ടീമിലിടം നേടിയ ഈ മലയാളി താരം 26 അംഗ അന്തിമ സ്ക്വാഡിലും ഇടംപിടിച്ചിരിക്കുകയാണ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് ഖത്തര്‍. ലോകകപ്പ് ടെലിവിഷനിലും നേരിട്ടും കണ്ടു ശീലിച്ച മലയാളികള്‍ക്ക് ഇത്തവണ പുല്‍മൈതാനത്ത് മലയാളി വിസ്മയം തീര്‍ക്കുമെന്നതാണ് പ്രതീക്ഷ.
അതേസമയം, തഹ്സീന്റെ ബന്ധുക്കളും കൂട്ടുകാരും ലോകകപ്പ് ആവേശം ഇരട്ടിയായി ആഘോഷിക്കാനുള്ള മൂഡിലാണ്. ജനിച്ചതും വളർന്നതും ഖത്തറിലെങ്കിലും അവധിക്കാലത്ത് തഹ്സീൻ പന്ത് തട്ടിയിരുന്ന വളപട്ടണത്തെ ഗ്രൗണ്ടിൽ നാട്ടുകാർ മധുര വിതരണം നടത്തിയിരുന്നു.




