Uncategorized

സുഗതൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ; അറസ്റ്റ് സി പി ഐ എം തിരക്കഥയെഴുതി സംവിധാനം ചെയ്ത നാടകം: ന്യായീകരിച്ച് ശ്രീലേഖ

തിരുവനന്തപുരം: വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്ത തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ സുഗതനെ ന്യായീകരിച്ച് ആര്‍ ശ്രീലേഖ. പത്ത് വര്‍ഷത്തെ സിപിഐഎം ദുര്‍ഭരണത്തില്‍ കേരളത്തിലാകെ ഉണ്ടായ സ്റ്റേറ്റ് സ്‌പോര്‍ണ്‍സേര്‍ഡ് ഗുണ്ടാ വിളയാട്ടത്തെ ധൈര്യപൂര്‍വ്വം ചെറുത്തുനിന്ന യുവാവ് ആണ് സുഗതന്‍ എന്ന് ശ്രീലേഖ പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ അനധികൃത പ്രവര്‍ത്തികളെ ചോദ്യം ചെയ്യുകയും നാട്ടുകാര്‍ക്ക് വേണ്ടി പൊരുതി നില്‍ക്കുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകള്‍ പൊലീസ് എടുത്തത്. ഇതെല്ലാം സിപിഐഎം നേതാക്കളുടെ ആജ്ഞപ്രകാരം ആണെന്നും ആര്‍ ശ്രീലേഖ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്ന് അറിഞ്ഞപ്പോള്‍ തനിക്കെതിരെ രണ്ട് കള്ളക്കേസുകള്‍ എടുത്തു. സിപിഐഎം നേതാക്കള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് സുഗതന്റെ വീടിന് മുന്നില്‍ അരങ്ങേറിയത്. കാപ്പ പ്രതിയെ ഒരു ലോക് മാഫിയ തലവനെയോ തീവ്രവാദിയെയോ പിടിക്കുന്നതുപോലെയൊന്നും പൊലീസ് ഇതുവരെ ചെയ്തിട്ടില്ലെന്നും ശ്രീലേഖ കുറ്റപ്പെടുത്തി.

സംഭവ ദിവസം ആകാശത്തേക്ക് വെടിയുതിര്‍ത്ത എസ്എച്ച്ഒ വിപിന്‍ ഒരു കമ്മ്യൂണിസ്റ്റ് പൊലീസ് ആണെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും ആര്‍ ശ്രീലേഖ ചോദിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് അയാളെ ചെങ്ങന്നൂരില്‍ നിന്നും വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ പ്രത്യേകമായി നിയമിച്ചത് അവിടെ മൂന്നാം വട്ടവും വി കെ പ്രശാന്തിനെ ജയിപ്പിക്കുകയെന്ന ഉദ്ദേശത്തിനാണെന്നും ശ്രീലേഖ ആരോപിച്ചു. അക്കാര്യം ആഭ്യന്തര മന്ത്രിക്ക് അറിയില്ലെന്നും ആരോഗ്യമന്ത്രിക്ക് അറിയാമെന്നും ശ്രീലേഖ പറയുന്നു.
സുഗതന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെയല്ലാതെ ഒരാള്‍ക്കും എതിരെ സുഗതന്‍ പ്രതികരിച്ചിട്ടില്ല. സഹായിച്ചിട്ടേ ഉള്ളൂവെന്നും ആര്‍ ശ്രീലേഖ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍ എങ്ങനെ ഗുണ്ടയായി?
കഴിഞ്ഞ 10 വര്‍ഷത്തെ CPM ദുര്‍ഭരണത്തില്‍ കേരളത്തില്‍ ആകെ State sponsored ഗുണ്ടാ വിളയാട്ടമായിരുന്നല്ലോ? അതിനെതിരെ ധൈര്യപൂര്‍വ്വം ചെറുത്തുനിന്ന ഒരു യുവാവാണ് സുഗതന്‍. വട്ടിയൂര്‍ക്കാവില്‍ ഉണ്ടായിരുന്ന സകലമാന അനധികൃത പ്രവൃത്തികളെയും ചോദ്യം ചെയ്യുകയും, നാട്ടുകാര്‍ക്ക് വേണ്ടി പൊരുതി നില്‍ക്കുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകള്‍ പോലീസ് എടുത്തത്. എല്ലാം CPM നേതാക്കളുടെ ആജ്ഞ പ്രകാരം. ഇതെല്ലാം അറിയാവുന്ന ജനമാണ് സുഗതനെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത്. അത് CPM കാര്‍ക്ക് വലിയ തിരിച്ചടിയായി. 25 വാര്‍ഡ് ഉള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 11 എണ്ണം BJP യും 9 എണ്ണം കോണ്‍ഗ്രസ്സും കൊണ്ടുപോയത് അവിടെയുള്ള CPM ഗുണ്ടകളുടെ അഴിഞ്ഞാട്ടം കാരണമായിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍ ഞാന്‍ സ്ഥാനാര്‍ഥി ആണെന്നറിഞ്ഞപ്പോള്‍ തുടങ്ങി പോലീസ് എനിക്കെതിരെയും എടുത്തല്ലോ 2 കള്ള കേസുകള്‍?
കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല. ഇപ്പോഴും പോലീസും ജില്ലാ അധികാരികളും മറ്റുള്ള ഉദ്യോഗസ്ഥരും ഒക്കെ CPM പറയുന്നതൊക്കെ അനുസരിക്കുന്ന അടിമകളും വിധേയരുമാണ്.
ജൂണ്‍ 9 രാതി 9 മണിക്ക് CPM നേതാക്കള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് സുഗതന്റെ വീട്ടിനു മുന്‍പില്‍ അരങ്ങേറിയത്. KAAPA പ്രതിയെ ഒരു ലോക മാഫിയ തലവനെയോ, തീവ്രവാദിയെയോ പിടിക്കുന്നതുപോലൊന്നും പോലീസ് ഇതേവരെ ചെയ്തിട്ടില്ല.
വെറും നാലുപേര്‍ മാത്രമുള്ള വീട്ടില്‍ ഒരു platoon സായുധ പോലീസുമായി 2 വാഹനത്തിന്റെ അകമ്പടിയോടെ ചെന്ന് വീട്ടുകാരെ, പ്രത്യേകിച്ച് 2 കുഞ്ഞുങ്ങളെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി, അവിടെയുള്ള സ്ത്രീയുടെ മീതെ ശാരീരിക ആക്രമണം നടത്തി, അതൊന്നും പോരാതെ, അക്രമാസക്തമായ വലിയ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനെന്ന പോലെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് മഫ്റ്റി വേഷത്തില്‍ cheap ഹീറോയിസം കാണിച്ച SHO വിപിന്‍ ഒരു കമ്മ്യൂണിസ്റ്റ് പോലീസ് ആണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? അയാളെ തിരഞ്ഞെടുപ്പിന് മുന്‍പ് CPM സര്‍ക്കാര്‍ പ്രത്യേകമായി ചെങ്ങന്നൂരില്‍ നിന്ന് കൊണ്ട് വന്ന് വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ നിയമിച്ചത് അവിടെ മൂന്നാം വട്ടവും adv V K Prasanth നെ ജയിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശത്തിനാണ്. അത് ആഭ്യന്തര മന്ത്രിക്ക് അറിയില്ല, പക്ഷെ ആരോഗ്യ മന്ത്രിക്ക് അറിയാം.
സുഗതന്‍ ഗുണ്ടയല്ല, ഒരു ജനപ്രതിനിധിയാണ്. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെയല്ലാതെ ഒരാള്‍ക്കും എതിരെ സുഗതന്‍ പ്രതികരിച്ചിട്ടില്ല. സഹായിച്ചിട്ടേ ഉള്ളൂ.
ഇതൊന്നും ഇപ്പോഴും CPM വിധേയത്വം വിട്ടു മാറാത്ത ഒരു പോലീസുകാരും സര്‍ക്കാരിനെ അറിയിക്കാന്‍ പോകുന്നില്ല.
അതുകൊണ്ടാണ് എനിക്ക് പറയേണ്ടി വന്നത്. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോണ്‍ഗ്രസ് അല്ല, ഇണ്ടി മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാല്‍ അതില്‍ അതിശയപ്പെടേണ്ടതില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button