Uncategorized

അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകളുണ്ട്’; CMRL ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ ഇ ഡി

തിരുവനന്തപുരം: എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്ലിന്റെ അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇ ഡിയുടെ വാദം. ഇക്കാര്യം കോടതിയെ അറിയിക്കാനാണ് ഇ ഡിയുടെ നീക്കം.

അനധികൃത ഇടപാട് സംബന്ധിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ നിര്‍ണായക മൊഴിയുണ്ടെന്നും ഇ ഡി പറയുന്നു. സിഎംആര്‍എല്‍ എംഡി എസ് എന്‍ ശശിധകരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്തയുടെയും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെയും ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും ഇ ഡി പറയുന്നു. അന്വേഷണം തടസ്സപ്പെടുത്താന്‍ സിഎംആര്‍എല്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നുണ്ട്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. റെയ്ഡില്‍ ലഭിച്ച തെളിവുകള്‍ അടക്കം സീല്‍ഡ് കവറില്‍ കോടതിയില്‍ ഹാജരാക്കും. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളുടെയും വിവരങ്ങള്‍ കോടതിയെ അറിയിക്കുമെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിനിടെ സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് വീണയുടെ ലോക്കര്‍ തുറന്ന് പരിശോധിക്കാനും ഇ ഡി തീരുമാനിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. വീണയ്ക്ക് ഇ ഡി ഉടന്‍ സമയന്‍സ് അയച്ചേക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസമായിരുന്നു എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സിഎംആര്‍എല്‍ സീനിയര്‍ മാനേജര്‍ എന്‍ സി ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുര്യന്‍, എംഡി എസ് എന്‍ ശശിധരന്‍ കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ സുരേഷ് കുമാര്‍ അടക്കമുള്ളവരാണ് അപ്പീല്‍ നല്‍കിയത്. ഇല്ലാത്ത തളിവുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം എന്നായിരുന്നു സിഎംആര്‍എല്‍ അധികൃതര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. എസ്എഫ്‌ഐഒ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്കെതിരെ അന്വേഷണം നടത്താനാകില്ലെന്നതടക്കം സിംഗിള്‍ ബെഞ്ചിന് മുന്നില്‍വെച്ച അതേ വാദങ്ങളായിരുന്നു ഡിവിഷന്‍ ബെഞ്ചിന് മുന്നിലും വെച്ചത്. തങ്ങളുടെ വാദം കേള്‍ക്കുന്നതുവരെ നിലനിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇ ഡിക്ക് അന്വേഷണം തുടരാമെന്നുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി വരുന്നത്. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി നടപടി. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഇ ഡിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ആലുവയിലെ സിഎംആര്‍എല്‍ ഓഫീസിലും ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസിലും അടക്കം വ്യാപക റെയ്ഡ് നടന്നു. വീണയുടെ അടക്കം വിശദമായ മൊഴി ഇ ഡി രേഖപ്പെടുത്തുകയും ബാങ്ക് രേഖകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണയുടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഒന്നരലക്ഷം രൂപയുണ്ടായിരുന്ന അക്കൗണ്ടായിരുന്നു മരവിപ്പിച്ചത്. ഇതിന് പുറമേ സിഎംആര്‍എല്‍ അധികൃതരുടെ അടക്കം 242 അക്കൗണ്ടുകളും ഇ ഡി മരവിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button