Uncategorized

മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ സംഭവം; കോൺഗ്രസിൻ്റെ ഹർജി നാളെ പരിഗണിക്കും, തല്ക്കാലം ഫലം പ്രഖ്യാപിക്കരുതെന്ന് കോൺഗ്രസ്

ദില്ലി: മധ്യപ്രദേശിൽ രാജ്യസഭ സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയതിനെതിരായ കോൺഗ്രസിന്‍റെ ഹർജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി. അതുവരെ ഫലം പ്രഖ്യാപിക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഹർജി നിലനില്‍ക്കുന്നതാണോ എന്ന ചോദ്യം കോടതി ഉയർത്തി. കോൺഗ്രസ് നല്‍കിയ നിവേദനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

തെലങ്കാനയിലെ ഒരു കോൺഗ്രസ് നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ മീനാക്ഷി നടരാജനെയും കക്ഷിയാക്കിയിരുന്നു. കോൺഗ്രസ് നേതാവിനെതിരെ സംസ്ഥാനത്തിൻ്റെ ചുമതലയുണ്ടായിരുന്ന മീനാക്ഷി നടരാജൻ നടപടിയെടുത്തില്ല എന്നാണ് പരാതിയിൽ ഉണ്ടായിരുന്നത്. കോടതിയിൽ മീനാക്ഷി നടരാജനെതിരെ നോട്ടീസ് അയച്ചെങ്കിലും കുറ്റം ചുമത്തിയിട്ടില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ നാമനിർദ്ദേശപത്രികയിൽ ഇക്കാര്യം രേഖപ്പെടുത്തേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നല്‍കിയത്. ഇന്ന് അവധിക്കാല ബെഞ്ചിന് മുമ്പാകെ മനു അഭിഷേക് സിംഗ്വി വിഷയം പരാമർശിച്ചു. പത്രിക തള്ളിയതോടെ ഒരേ പാർട്ടിയിലെ മൂന്ന് പേർ മാത്രമാണ് മത്സരരംഗത്തുള്ളത് എന്നും സിംഗ്വി ചൂണ്ടിക്കാട്ടി. നാളെ കോടതി പരിഗണിക്കും വരെ ഫലം പ്രഖ്യാപിക്കരുതെന്നും സിംഗ്വി ആവശ്യപ്പെട്ടു. ഹർജി നിലനില്ക്കുന്നതാണോ എന്ന ചോദ്യം ഈ സമയം ബെഞ്ചിലെ ജസ്റ്റിസ് പികെ മിശ്ര ഉയർത്തി. ഹർജിയിലെ വിവരങ്ങൾ കൈമാറിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാളെ പിഴവുകൾ തീർത്ത് ഹർജി നല്കാനാണ് കോടതി നിർദ്ദേശിച്ചത്.

എന്നാൽ ഫലപ്രഖ്യാപനം തടയണം എന്ന ആവശ്യത്തോട് കോടതി പ്രതികരിച്ചില്ല. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണെന്നിരിക്കെ മൂന്ന് ബിജെപി സ്ഥാനാർത്ഥികളും തെരഞ്ഞെടുക്കപ്പെട്ടെന്ന പ്രഖ്യാപനം വൈകിട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. ബാലിശമായ കാരണങ്ങളുടെ പേരിൽ പത്രിക തള്ളരുത് എന്ന സുപ്രീംകോടതി വിധി ഉന്നയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ കോൺഗ്രസ് നിവേദനം നലകിയത്. എന്നാൽ റിട്ടേണിഗ് ഓഫീസറുടെ തീരുമാനം റദ്ദാക്കാൻ കമ്മീഷൻ ഇതുവരെ തയ്യാറായിട്ടില്ല. ഏകപക്ഷീയ പ്രഖ്യാപനം വന്നാൽ ശക്തമായ പ്രക്ഷോഭത്തിനാണ് ദില്ലിയിൽ ചേർന്ന കോൺഗ്രസ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button