ആക്രിക്കടകളിൽ സ്റ്റോക്ക് ചെയ്ത് വിദ്യാർഥികൾക്കു കഞ്ചാവ് വിൽപ്പന; ഒരാൾ പിടിയിൽ

കൊച്ചി: വിദ്യാർഥികൾക്കു കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണി കൊച്ചിയിൽ പിടിയിൽ. ബംഗാൾ സ്വദേശി അൻവർ ഹുസൈൻ ആണ് ഡാൻസാഫ് സംഘത്തിൻറെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്നു കിലോ കഞ്ചാവും പിടിച്ചെടുത്തു.
ഇന്നലെ രാത്രിയാണ് ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ ചേരാനല്ലൂരിൽ നിന്നുംഅൻവർ ഹുസൈൻ പിടിയിലായത്. ബംഗാളിൽനിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നത്. മുർഷിദാബാദിൽനിന്നു കിലോയ്ക്ക് 3000 രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് 23,000 രൂപയ്ക്കാണ് കൊച്ചിയിലെ വിദ്യാർഥികൾക്കു വിറ്റിരുന്നത്.
എറണാകുളം ഇടപ്പള്ളിയിലെ ആക്രിക്കടകളിൽ സ്റ്റോക്ക് ചെയ്യുന്ന കഞ്ചാവ് രാത്രിയാണ് വിദ്യാർഥികൾക്കു കൈമാറിയിരുന്നത്. വിദ്യാർഥികൾ ഇത് ചെറിയ പാക്കറ്റുകളിലാക്കി മറ്റുള്ള വിദ്യാർഥികൾക്ക് കൈമാറിയിരുന്നതായും ഡാൻസാഫ് കണ്ടെത്തി.
പത്തിലും പ്ലസ് ടുവിലും പഠിക്കുന്ന വിദ്യാർഥികളുടെ സംഘമാണ് കഞ്ചാവ് വാങ്ങിയിരുന്നത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തിലെ മറ്റുള്ളവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.




