ഡൽഹിയിലെ പാറ്റ സമരം പോലെ നായന്മാരുടെ സമരം ഉയരണം’; ജി സുകുമാരൻ നായര്‍ക്കെതിരെ ആഞ്ഞടിച്ച് കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍. എന്‍എസ്എസ് ഇന്ന് ചിലയാളുകള്‍ കയ്യടക്കിയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മന്നത് ആചാര്യന്‍ ഉണ്ടാക്കിയെടുത്ത മഹാ പ്രസ്ഥാനത്തില്‍ ഇന്ന് ഏകാധിപത്യമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 64 വര്‍ഷമായി പിതാവ് ആര്‍ ബാലകൃഷ്ണപ്പിള്ള എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആയിരുന്നുവെന്നും ജീവിച്ചിരുന്ന കാലം മുഴുവന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ അപമാനിച്ചെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
എന്‍എസ്എസുമായുള്ള തര്‍ക്കത്തിന്റെ ഭാഗമായി ഗണേഷ് കുമാര്‍ പങ്കെടുക്കുന്ന വേദി എന്‍എസ്എസ് നിഷേധിച്ചിരുന്നു. തിരുവനന്തപുരം മന്നം ക്ലബ്ബില്‍ വെച്ച് നടത്താനിരുന്ന നായര്‍ സംരക്ഷണ സമിതിയുടെ ‘ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍’ എന്ന പുസ്തക പ്രകാശനത്തിലെ വേദിയാണ് മാറ്റിയത്. പരിപാടി സംഘടിപ്പിച്ചാല്‍ തടയുമെന്ന് എന്‍എസ്എസ് നേതാക്കള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രസ് ക്ലബ്ബില്‍ പരിപാടി നടത്തുകയായിരുന്നു. ഈ പരിപാടിയിലായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.



