Uncategorized

പ്രതിഷേധം ഫലം കണ്ടു; ഇടമലക്കുടി പഞ്ചായത്തിന് 60 ലക്ഷം രൂപ പ്രത്യേക ധനസഹായം

ഇടുക്കി: വ്യാപക പ്രതിഷേധത്തിനൊടുവിൽ സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിക്ക് 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ചു. സർക്കാർ സാമ്പത്തിക സഹായം നൽകാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ പഞ്ചായത്ത് അടച്ചുപൂട്ടിയിരുന്നു.

കഴിഞ്ഞ ആറുമാസമായി സർക്കാരിൽ നിന്ന് സാമ്പത്തിക സഹായമൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു പഞ്ചായത്ത് ഭരണസമിതിയുടെ ആരോപണം. ഇതോടെ പഞ്ചായത്ത് ജീവനക്കാർക്ക് ആറുമാസമായി ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടേണ്ടിവന്നതായും ഭരണസമിതി വ്യക്തമാക്കിയിരുന്നു.സർക്കാർ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഭരണസമിതിയുടെ പരാതി. ഇതിൽ പ്രതിഷേധിച്ച് നവംബർ 30ന് ഇടുക്കിയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിരുന്നു.

സാമ്പത്തിക സഹായം അനുവദിക്കാത്ത സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും ഭരണസമിതി ആലോചിച്ചിരുന്നു. പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഞ്ചായത്തിന് 60 ലക്ഷം രൂപയുടെ പ്രത്യേക ധനസഹായം അനുവദിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button