റാസൽഖൈമ ബസപകടം: മരിച്ച മലയാളികളുടെ എണ്ണം മൂന്നായി; കാസർകോട്, കണ്ണൂർ സ്വദേശികളെ തിരിച്ചറിഞ്ഞു

റാസൽഖൈമയിലുണ്ടായ ബസപകടത്തിൽ മരിച്ച രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു. കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷിന്റെ (26) മൃതദേഹം രാവിലെ തിരിച്ചറിഞ്ഞിരുന്നു. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി ഉയർന്നു.
ആന്ധ്രാ സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്നേഷ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരും അപകടത്തിൽ മരിച്ചു. അപകടത്തിൽ ആകെ 13 പേരാണ് മരിച്ചത്. മരിച്ചവരിൽ ഏറെയും മലയാളികളാണെന്നാണ് പ്രാഥമിക സൂചന. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.ഇന്നലെ രാവിലെ ഒമാനിലേക്ക് വിസ മാറ്റുന്നതിനായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മലയാളി ട്രാവൽസ് വഴിയാണ് യാത്രക്കാർ പോയിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും മരിച്ചവരുടെയും പരിക്കേറ്റവരുടെയും പൂർണ്ണവിവരങ്ങളും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ഇന്ന് രാവിലെ സല്ഖൈമയിലെ അല്‍ വതാന്‍ സ്ട്രീറ്റിലാണ് അപകടം നടന്നത്. പാസഞ്ചര്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് യുഎഇ ആഭ്യന്തര മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രമുള്ള വിവരങ്ങള്‍ വിശ്വസിച്ചാല്‍ മതിയെന്നും അഭ്യൂഹങ്ങളോ വ്യാജ വാര്‍ത്തകളോ പരത്തരുതെന്നോ മന്ത്രാലയം അറിയിച്ചു.




