തത്കാല്‍, പ്രീമിയം തത്കാല്‍, ആര്‍എസി ടിക്കറ്റിലൂടെയുള്ള വരുമാനത്തില്‍ ഒളിച്ചുകളിച്ച് റെയില്‍വേ;വിവരാവകാശ ചോദ്യത്തിന് മറുപടിയില്ല

മുംബൈ: തത്കാല്‍, പ്രീമിയം തത്ക്കാല്‍, ആര്‍എസി ടിക്കറ്റുകളിലൂടെ വന്‍ ലാഭമുണ്ടാക്കുമ്പോഴും കണക്കുകള്‍ ഒളിച്ച് വച്ച് ഇന്ത്യന്‍ റെയില്‍വേ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് റെയില്‍വേ കൃത്യമായ ഉത്തരം നല്കാന് തയ്യാറായില്ല. ആകെ ടിക്കറ്റുകളുടെ 30 ശതമാനത്തോളമാണ് റെയില്‍വേ തത്ക്കാല്‍ പ്രീമിയം തത്ക്കാല്‍ നിരക്കില്‍ ടിക്കറ്റുകളായി വില്പന നടത്തുന്നത്.അവസാനനിമിഷം യാത്ര തീരുമാനിക്കുന്നവര്‍ക്ക് സഹായമെന്ന നിലയ്ക്കാന്‍ റെയില്‍വേ തത്ക്കാല്‍ ടിക്കറ്റുകള്‍ കൊണ്ടു വന്നത്. എന്നാല്‍ യാത്രക്കാരെ പിഴിയാനുള്ള വഴിയായി അത് മാറിയെന്നതാണ് സാഹചര്യം. വിമാന ടിക്കറ്റിനോടുള്ള മത്സരത്തിലാണ് പലപ്പോഴും പ്രീമിയം തത്ക്കാല്‍ നിരക്ക്.
ആകെയുള്ള ടിക്കറ്റുകളുടെ 30 ശതമാനത്തോളമാണ് തത്ക്കാല്‍ ക്വോട്ടയിലേക്ക് റെയില്‍വേ മാറ്റുന്നത്. അതില്‍ തന്നെ 50 ശതമാനത്തോളം പ്രീമിയം തത്ക്കാല്‍ ടിക്കറ്റും. യാത ചെയ്യാന്‍ മറ്റ് വഴിയില്ലാത്തവര്‍ യഥാര്‍ഥ നിരക്കിന്റെ പല ഇരട്ടി നല്‍കേണ്ടി വരുമ്പോള്‍ റെയില്‍വെ ഉണ്ടാക്കുന്നത് വന്‍ ലാഭം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 28.64 കോടി യാത്രക്കാരാണ് തല്‍ക്കാല്‍,പ്രീമിയം തല്‍ക്കാല്‍ ടിക്കറ്റുകളെടുത്തതെന്ന് റെയില്‍വേ വിവരാവകാശ മറുപടിയില്‍ പറയുന്നു. രണ്ട് വര്‍ഷത്തിനിടെ പ്രീമിയം തത്ക്കാല്‍ മാത്രം എടുത്തത് 5 കോടിയോളം പേര്. എത്ര വരുമാനം ഇത് വഴി ഉണ്ടാക്കിയെന്ന ചോദ്യത്തിന് മാത്രം മറുപടിയില്ല.
നേരത്തെ പാര്‍ലമെന്റിലും ഇതേ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴും റെയില്‍വേ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ആര്‍എസി ടിക്കറ്റ് വഴിയും റെയില്‍വേയ്ക്ക് വലിയ ലാഭമുണ്ട്. സീറ്റ് പങ്കുവച്ച് ദുരിത യാത്ര ചെയ്യേണ്ടി വരുമ്പോഴും ഒരു സീറ്റിന്റെ മുഴുവന്‍ തുകയും യാത്രക്കാരന് നല്‍കേണ്ടി വരുന്നു. ഒരു സീറ്റില്‍ നിന്നും ഇരട്ടി ലാഭം റെയില്‍വെയ്ക്ക് കിട്ടുന്നു. എന്നാല്‍ എത്ര ആര്‍എസി ടിക്കറ്റുകള്‍ വില്പന നടത്തുന്നെന്നോ എത്ര വരുമാനം ഈ വഴി ഉണ്ടാക്കുന്നെന്നോ റെയില്‍വേ വ്യക്തമാക്കിയില്ല. പരാതി കൂടിയതിനാല്‍ ആര്‍എസി സംവിധാനം നിര്‍ത്താന്‍ റെയില്‍വേ ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അതിനിടെ പുറത്ത് വന്നിരുന്നു.




