Uncategorized

അന്വേഷണം യൂട്യൂബറും ബൈക്ക് ടാക്സി ഡ്രൈവറുമായ 25കാരനിലേക്ക്; തനിഷ്‌ക് ജ്വല്ലറി മോഷണ കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ

മധുര: മധുരയിലെ തനിഷ്‌ക് ജ്വല്ലറിയിൽ മോഷണം നടത്തിയത് ബൈക്ക്-ടാക്സി ഡ്രൈവർ ആയ 25കാരൻ എന്ന് സൂചന. മധുര സ്വദേശി ആയ ഇയാൾ യൂട്യൂബറും ആണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. പുലർച്ചെ പ്രതി സ്‌കൂട്ടറിൽ അതിവേഗം സഞ്ചരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായിട്ടില്ല. പൊലീസ് എത്തിയപ്പോൾ യുവാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. മോഷണത്തിന് മുൻപ് മൂന്ന് തവണ ഇയാൾ ജ്വല്ലറിയിൽ എത്തിയെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായി. മൂന്ന് തവണ എത്തിയത് വ്യത്യസ്ത ഷർട്ടുകൾ ധരിച്ചാണെങ്കിലും ഒരേ തൊപ്പി ആണ് മൂന്ന് തവണയും ധരിച്ചതെന്ന് പൊലീസ് കണ്ടെത്തി. നവംബർ 5ന് പുലർച്ചെ ഇയാൾ ജ്വല്ലറിയിൽ എത്തിയത് ട്രയൽ റണ്ണിനാണോ എന്നും പൊലീസ് സംശയിക്കുന്നു.

മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്ക് ഷോറൂമിൽ നിന്ന് 20 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ ആണ് മോഷണം പോയത്. വയറിംഗ് ഉൾപ്പെടെയുള്ള ചില നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന കടയിൽ മുഖംമൂടി ധരിച്ച മോഷ്ടാവ് ലിഫ്റ്റിന്റെ ഭാഗത്തുകൂടി ഷോറൂമിനുള്ളിൽ കടന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷണം പോയ ആഭരണങ്ങളെല്ലാം ഡിസ്‌പ്ലേ വിഭാഗത്തിൽ നിന്നുള്ളതാണെന്നും ലോക്കറുകൾക്കുള്ളിലെ ആഭരണങ്ങൾ സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു.വ്യാഴാഴ്ച രാവിലെ ബൈപാസ് റോഡിലുള്ള ഔട്ട്‌ലെറ്റിൽ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്.

ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ഈ ഷോറൂം തുറന്നത്. കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പുറത്ത് സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നിട്ടും മോഷ്ടാവ് എങ്ങനെ അകത്തുകടന്നു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. മുഖം മറച്ച് കയ്യുറകൾ ധരിച്ച് ഒരാൾ കറുത്ത ബാഗും ട്രോളി ബാഗുമായി പ്രദേശത്തുകൂടി പൊകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.പ്രതി സഞ്ചരിച്ച വഴി കണ്ടെത്തുന്നതിനായി സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button