‘ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്!’ 42 -കാരിയെ സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നാൻ നിർബന്ധിച്ച സ്ത്രീ അറസ്റ്റിൽ

42 വയസ്സുള്ള തന്‍റെ റൂംമേറ്റായ സ്ത്രീയെ ഭീഷണിപ്പെടുത്തി സൂചിയും നൂലും ഉപയോഗിച്ച് അവരുടെ ചുണ്ടുകൾ തുന്നിച്ചേർക്കാൻ നിർബന്ധിച്ചതായി 50 വയസ്സുള്ള ഒരു സ്ത്രീ ജാപ്പനീസ് കോടതിയിൽ സമ്മതിച്ചു. മാസേ സകുരായ് എന്ന ജപ്പാൻകാരി നവംബർ 11 -ന് ഇബരാക്കി പ്രവിശ്യയിലെ മിറ്റോ ജില്ലാ കോടതിയുടെ ഷിമോത്സുമ ശാഖയിൽ നടന്ന വിചാരണയുടെ ആദ്യദിവസം തന്നെ കുറ്റങ്ങൾ സമ്മതിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ അറസ്റ്റിലായപ്പോൾ ആരോപണങ്ങൾ നിഷേധിച്ചിരുന്ന ഇവർ പിന്നീട് കോടതിയിൽ നിലപാട് മാറ്റുകയായിരുന്നു.
‘ഞാൻ തന്നെ ചെയ്താൽ വേദന ഇരട്ടിയാകും!’
ജൂൺ 18 -നും 24 -നും ഇടയിലാണ് സംഭവം നടന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 42 -കാരിയായ സഹതാമസക്കാരിയെ ഭീഷണിപ്പെടുത്തി സ്വന്തം ചുണ്ടുകൾ തൂല് ഉപയോഗിച്ച് തുന്നാൻ മാസേ സകുരായ് നിർബന്ധിച്ചെന്നാണ് പ്രോസിക്യൂഷൻ ആരോപണം. “ഞാൻ തന്നെ ചെയ്താൽ വേദന ഇരട്ടിയാകും” എന്ന വിചിത്ര ന്യായം പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയതായും കോടതിയിൽ വ്യക്തമാക്കി.
‘ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്’
പ്രോസിക്യൂഷന്‍റെ വിശദീകരണമനുസരിച്ച്, “ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്” എന്ന് മാസേ സകുരായ് തന്‍റെ റൂം മേറ്റിനോട് പറഞ്ഞിരുന്നു. ഇതേ തുടർന്ന് യുവതി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയിരുന്നു. എന്നാൽ, ഒരിക്കൽ വിശന്നപ്പോൾ മാസേ സകുരായ്യുടെ അനുമതിയില്ലാതെ 42 -കാരി വീട്ടിൽ നിന്നും ഭക്ഷണമെടുത്ത് കഴിച്ചതാണ് മാസേ സകുറായിയെ പ്രകോപിപ്പിച്ചതെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് യുവതിയോട് സൂചിയും നൂലും ഉപയോഗിച്ച് സ്വന്തം ചുണ്ടുകൾ സ്വയം തുന്നാൻ മാസേ ആവശ്യപ്പെട്ടത്.




