കേളകം 14-ാം വാർഡിൽ എഐ സാക്ഷരതാ യജ്ഞത്തിനും പരിശീലനത്തിനും തുടക്കമായി

കേളകം: ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് സാധാരണക്കാരിലേക്കും സാങ്കേതിക അറിവുകൾ എത്തിക്കുന്നതിന്റെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്ത് 14ാംവാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ എഐ സാക്ഷരതാ യജ്ഞവും ഒന്നാം ഘട്ട പരിശീലനവും സംഘടിപ്പിച്ചു. കുണ്ടേരിവയോജന മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങ് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ. ഐ. ഗീവർഗീസ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ എസ്. ടി. രാജേന്ദ്രൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം. കെ. മനോജ്, പ്രണവ് പ്രകാശ്, പേരാവൂർ ശ്രീ ശങ്കരാചാര്യ അക്കാദമി ഹെഡ് അനിൽകുമാർ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന പരിശീലന പരിപാടിയിൽ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ കാസർകോട് റീജിയണൽ മാനേജർ സാൽവിൻ പി. എസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെക്കുറിച്ചും അതിന്റെ ഉപയോഗങ്ങളെക്കുറിച്ചും ക്ലാസെടുത്തു. പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.




