Uncategorized

സർക്കാർ അംഗീകാരമില്ലാതെ ജോലി ചെയ്യുന്നത് 46 പ്രൊഫസർമാർ; കാലടി സർവകലാശാലയിൽ ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങളില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. 46 അധ്യാപകരുടെ നിയമനങ്ങളില്‍ നടന്നത് സര്‍ക്കാര്‍ അംഗീകാരമില്ലാതെയാണ് എന്നാണ് കണ്ടെത്തല്‍. സര്‍ക്കാര്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. 2023 – 2024 ലെ ആനുവല്‍ ക്വാളിറ്റി അഷ്വറന്‍സ് റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ആകെ അധ്യാപകരുടെ എണ്ണം 220 ആണ്. ഇത് പ്രകാരം ഒന്‍പത് പ്രൊഫസര്‍മാരെയും 21 അസോസിയേറ്റ് പ്രൊഫസര്‍മാരെയും 190 അസിസ്റ്റന്റ് പ്രൊഫസര്‍മാരെയുമാണ് സ്ഥിരമായി നിയമിക്കാവുന്നത്.

എന്നാല്‍ 55 പ്രൊഫസര്‍മാരും 15 അസോസിയേറ്റ് പ്രൊഫസര്‍മാരും 52 അസിസ്റ്റന്റ് പ്രൊഫസര്‍മാരും സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നു എന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകാരമില്ലാതെ 46 പ്രൊഫസര്‍മാരാണ് സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നത് എന്നാണ് കണ്ടെത്തല്‍. ശമ്പളയിനത്തില്‍ ഇവര്‍ക്ക് നല്‍കിയ അധിക തുകയില്‍ ഓഡിറ്റ് വിഭാഗം സര്‍വകലാശാലയോട് വിശദീകരണം തേടിയിരിക്കുകയാണ്.

ഇതിന് പുറമേ സര്‍വകലാശാലയിലെ 90 ശതമാനം അധ്യാപകരും വര്‍ഷങ്ങളായി പഞ്ചിംഗ് നടത്താറില്ലെന്നും സര്‍ക്കാരിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പഞ്ചിംഗ് ചെയ്യുന്നത് സംസ്‌കൃത സാഹിത്യം, സംഗീതം വകുപ്പുകളിലെ ചില അധ്യാപകര്‍ മാത്രമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബാക്കി അധ്യാപകര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടുന്ന രീതിയാണ് പിന്തുടരുന്നത്. പലരും അനുവദനീയമായ ഗ്രേസ് ടൈം കഴിഞ്ഞിട്ടാണ് ജോലിക്കായി എത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു മണിക്കൂര്‍ അറുപത് മിനിറ്റ് ആണ് അനുവദനീയമായ ഗ്രേസ് ടൈം. അഞ്ച് ദിവസം 300 മിനിറ്റാണ് ഗ്രേസ് ടൈം ഉള്ളത്. അധ്യാപകര്‍ പഞ്ചിങ് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.

അനധ്യാപക ജീവനക്കാരില്‍ പലരും പഞ്ചിങ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നില്ല. സര്‍വ്വകലാശാലയിലും റീജിയണല്‍ സെന്ററുകളിലും പഞ്ചിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ല എന്നും പരാതിയുണ്ട്. മെഷീന്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ പഞ്ച് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് ചില പരാതികള്‍ സര്‍വകലാശാലയില്‍ ലഭിച്ചിട്ടുണ്ട്. നിലവിലുള്ള പഞ്ചിംഗ് മെഷീനുകളില്‍ എത്രയെണ്ണം പ്രവര്‍ത്തനക്ഷമം എന്ന് വ്യക്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപകരുടെ ശമ്പളം വരുന്ന സ്പാര്‍ക്ക് സോഫ്റ്റ്‌വെയര്‍ പഞ്ചിങ്ങുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഇവര്‍ക്ക് ശമ്പളം വരുന്നത് എന്ന വിവരങ്ങളും ഓഡിറ്റ് വിഭാഗം ചോദിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button